ഷാര്‍ജ: ഇടതുപക്ഷം കൂടി ഹിന്ദുത്വവഴിയില്‍ നീങ്ങരുതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. മരിക്കുന്നത് വരെ താന്‍ ഹിന്ദുത്വ ആശയത്തിന് എതിരായിരിക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഷാര്‍ജയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങിയാല്‍ പിന്നീട് നമുക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്തിനാണ് ഇത്തരത്തില്‍ സന്ധി ചേരുന്നത്? പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുമോ എന്നും സച്ചിദാനന്ദന്‍ ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതില്‍ വിശദീകരണം നല്‍കിക്കൊണ്ടായിരുന്നു സച്ചിദാനന്ദന്റെ പരാമര്‍ശം.
ശരിയല്ലെന്ന് തോന്നുന്നത് പറയുക തന്നെ ചെയ്യും. ഭരണപക്ഷം പ്രതീക്ഷിക്കുന്നത് പോലെ പെരുമാറാന്‍ പറ്റില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷനാക്കുമ്പോള്‍ തന്നെ താന്‍ പറഞ്ഞിരുന്നു. ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഇതുപോലെ ഭ്രാന്തനായ ഒരാളെ പ്രസിഡന്റാക്കരുതായിരുന്നു. പ്രസിഡന്റ് ആയിരിക്കണമെന്ന് ആഗ്രഹവുമില്ലെന്നും കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി.
എഴുത്തുകാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന വിവാദങ്ങള്‍ക്ക് പുറകില്‍ മറ്റൊരു ശക്തിയുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിലും സച്ചിദാനന്ദന്‍ സംസാരിച്ചു.
അതിവേഗത്തില്‍ പണിതീരുന്ന ദേശീയപാതയിലൂടെ പോകുമ്പോള്‍ റോഡിന്റെ ഭംഗിയല്ല താന്‍ നോക്കാറുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.
റോഡിന്റെ ഇരുവശങ്ങളിലുമായി അനേകം കടകളാണ് അടച്ചിട്ടിരിക്കുന്നത്. ഒരുപാട് ആളുകളുടെ ഉപജീവന മാര്‍ഗം നഷ്ടമായെന്ന് മനസിലാക്കുന്നു. തനിക്ക് അത്ര വേഗത്തില്‍ പോകണമെന്നില്ല. പതുക്കെ പൊയ്‌ക്കൊള്ളാം. എന്നാല്‍ ആളുകളുടെ ഉപജീവനമാര്‍ഗം നഷ്ടമാകരുതെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും സച്ചിദാനന്‍ പറഞ്ഞു.
Content Highlight: If the Left also moves towards Hindutva, there will be no hope, Satchidanandan