| Friday, 20th June 2025, 10:50 am

ഗവര്‍ണര്‍ ഗവര്‍ണറായാല്‍ ബഹുമാനിക്കും. ആര്‍.എസ്.എസുകാരനായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണര്‍ ഗവര്‍ണറുടെ ജോലി ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുമെന്നും അദ്ദേഹം ആര്‍.എസ്.എസുകാരനായാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂസ്മലയാളം 24*7 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി. ശിവന്‍കുട്ടി ഇറങ്ങിപ്പോന്നിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിലേക്ക് വെടിയുതിര്‍ക്കുന്ന രാഷ്ട്രീയമാണ് ഗവര്‍ണറുടേതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ താന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്നും എന്നാല്‍ കാവിക്കൊടിയേന്തിയ പ്രസ്തുത ചിത്രത്തില്‍ തിരിതെളിയിക്കുന്ന ഗവര്‍ണറുടെ നടപടി ഏത് പ്രോട്ടോകോള്‍ പ്രകാരമാണെന്നും മന്ത്രി ചോദിച്ചു. കാവിക്കൊടിയേന്തിയ സ്ത്രീയെ ബഹുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് എവിടെ നിന്നാണ് ഉപദേശം ലഭിച്ചതെന്നും രാജ്ഭവനെ ആര്‍.എസ്.എസ്. കേന്ദ്രമാക്കി ഗവര്‍ണര്‍ മാറ്റിയെന്നും മന്ത്രി വിമര്‍ശിച്ചു.

അതേസമയം പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്ന വിദ്യാഭ്യാസ മന്ത്രിക്ക് പിന്തുണയുമായി കൂടുതല്‍ മന്ത്രിമാര്‍ രംഗത്തെത്തി. മന്ത്രിമാരായ വി.എന്‍. വാസവനും ആര്‍. ബിന്ദുവും വി. ശിവന്‍കുട്ടിയുടെ നടപടിയെ പിന്തുണച്ചു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ നിലപാടാണ് ശരിയെന്ന് മന്ത്രി വി.എന്‍. വാസവനും ആര്‍.എസ്.എസ്. ബിംബങ്ങള്‍ ശേഖരിച്ച് വെക്കാനുള്ള കേന്ദ്രമായി രാജ്ഭവന്‍ മാറിയെന്ന് മന്ത്രി ആര്‍. ബിന്ദുവും പ്രതികരിച്ചു.. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടിയെ പിന്തുണച്ചു.

ഗവര്‍ണറെ മുന്നോട്ട് നയിക്കുന്ന പൂര്‍വാശ്രമത്തിലെ വിചാരധാരയണോ എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെന്നും ആ ഭരണ ഘടനയനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

നേരത്തെ പരിസ്ഥിതി ദിനത്തില്‍ മന്ത്രി പി. പ്രസാദും രാജ് ഭവനില്‍ സമാന ചിത്രം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് പരിപാടി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി വി. ശിവന്‍കുട്ടിയും ഈ ചിത്രത്തിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടിയില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നിരിക്കുന്നത്.

content highlights: If the governor becomes a governor, he will be respected. If he becomes RSS, Will reply in the same form: V. Shivankutty

We use cookies to give you the best possible experience. Learn more