| Friday, 4th September 2026, 8:01 am

രാജ്യത്തിന് വളര്‍ച്ചയുണ്ടായാല്‍ കണക്കുകള്‍ വ്യാജമെന്ന് പറയും; കോണ്‍ഗ്രസിന്റേത് ദിമാഗി നക്‌സല്‍ മനോഭാവം: ബി.ജെ.പി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: രാജ്യത്തിന് വളര്‍ച്ചയുണ്ടായാല്‍ കണക്കുകള്‍ വ്യാജമെന്ന് പറയുന്ന കോണ്‍ഗ്രസിന് ദിമാഗി നക്‌സല്‍ മനോഭാവമെന്ന് ബി.ജെ.പി.

രാജ്യത്തിന്റെ പുതിയ ജി.ഡി.പി വളര്‍ച്ച കണക്കുകളെ ചൊല്ലി കേന്ദ്രസര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ പോര് ശക്തമാകുന്നിനിടയിലാണ് ബി.ജെ.പി നേതാവ് അനില്‍ ബലൂണിയുടെ പ്രതികരണം.

2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രം കണക്കുകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഈ കണക്കുകളുടെ വിശ്വാസ്യതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.

ജി.ഡി.പി വളര്‍ച്ചയുടെ കണക്കുകള്‍ മാത്രം ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. തൊഴിലവസരങ്ങള്‍, ജനങ്ങളുടെ വരുമാനം, വിലക്കയറ്റം, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആരോപിച്ചാണ് കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

സര്‍ക്കാര്‍ ജനങ്ങളുടെ യഥാര്‍ഥ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറച്ചുവയ്ക്കാന്‍ പി.ആര്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ആരോപണം ഉന്നയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവ് കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രതികരണം.

‘ജി.ഡി.പി കണക്കുകളെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ തന്നെ തള്ളിക്കളയുകയാണ് കോണ്‍ഗ്രസെന്നും ഇത്തരത്തിലുള്ള സമീപനം ‘ദിമാഗി നക്‌സല്‍’ മനോഭാവമാണ്,’ ബി.ജെ.പി നേതാവ് അനില്‍ ബലൂണി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അംഗീകരിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ കണക്കുകളെ സംശയിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം.

‘ഇന്ത്യ പതുക്കെ വളരുകയാണെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. ഇന്ത്യ വേഗത്തില്‍ വളരുകയാണെങ്കില്‍ കണക്കുകള്‍ വ്യാജമെന്ന് പ്രഖ്യാപിക്കുന്നു. അതാണ് ദിമാഗി നക്‌സല്‍ മാനസികാവസ്ഥ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.ഡി.പി വളര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട കണക്കുകളെ നിരവധി സാമ്പത്തിക വിദഗ്ദരും ചോദ്യം ചെയ്തിരുന്നു.

Content Highlights: If the country grows, they dismiss the figures as fake; the Congress has a ‘Dimagi Naxal’  mindset: BJP.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more