മുംബൈ: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കര്‍ക്ക് നല്‍കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.
സവര്‍ക്കര്‍ക്ക് പുരസ്‌കാരം നല്‍കിയാല്‍ ഭാരതര്തനയുടെ മഹത്വം ഉയരുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. മുംബൈയില്‍ നടന്ന ആര്‍.എസ്.എസിന്റെ ജന്മശതാബ്ദി ആഘോഷത്തിനിടെയാണ് ഭഗവതിന്റെ പരാമര്‍ശം.
ഭാരതരത്‌നയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്ന കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്നെങ്കില്‍ സവര്‍ക്കര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ നിര്‍ബന്ധിക്കുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ദയാഹരജി നല്‍കിയതിന്റെ പേരില്‍ അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് സവര്‍ക്കര്‍. എന്നാല്‍ അതിനെയെല്ലാം പോരാടി തോല്‍പ്പിച്ച സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നും ഭഗവത് ആവര്‍ത്തിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ ഭഗവത് പറഞ്ഞു. പരിപാടിയില്‍ ഉടനീളം സവർക്കറെ ധീരനെന്നാണ് മോഹന്‍ ഭഗവത് വിശേഷിപ്പിച്ചത്.
തന്റെ ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ഒരിക്കലും സംഭവിക്കില്ലെന്നും 75കാരനായ മോഹന്‍ ഭഗവത് പറഞ്ഞു.
’75 വയസായാല്‍ ഒരു പദവിയും വഹിക്കാതെ ജോലി ചെയ്യണമെന്നാണ് പറയാറുള്ളത്. 75 വയസ് പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ഇക്കാര്യം ആര്‍.എസ്.എസിനെ അറിയിച്ചു. പക്ഷെ സംഘടന എന്നോട് തുടരാന്‍ പറഞ്ഞു. സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ ഒഴിയും. എന്നാല്‍ ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ഒരിക്കലും സംഭവിക്കില്ല,’ മോഹന്‍ ഭഗവത് പറഞ്ഞു.
ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ ഇതുവരെ ആരെയും വിരമിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും മോഹന്‍ ഭഗവത് പരാമര്‍ശിച്ചു.
ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഭാഷയല്ലാത്തതിനാല്‍ ഇംഗ്ലീഷ് ഉപയോഗിക്കാറില്ലെന്നും ഭഗവത് പറഞ്ഞു. പക്ഷെ, ഇംഗ്ലീഷ് പഠിക്കണമെന്നും അതിനര്‍ത്ഥം മാതൃഭാഷ മറക്കണമെന്നല്ലെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.
19നും 25നും ഇടയില്‍ പ്രായമുള്ളവര്‍ നേരത്തെ വിവാഹം കഴിക്കണമെന്നും മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഇതിനുമുമ്പും ആര്‍.എസ്.എസ് മേധാവി ജനസംഖ്യ നിയന്ത്രണത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം, നുഴഞ്ഞുകയറ്റം, കുടിയേറ്റം, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങളിലും മോഹന്‍ ഭഗവത് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ‘ആര്‍.എസ്.എസിന്റെ നൂറ് വര്‍ഷങ്ങള്‍; പുതിയ ചക്രവാളങ്ങള്‍’ എന്ന സെഷനിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു ഭഗവത്.
Content Hiighlight: If Savarkar is given Bharat Ratna, the glory of the award will increase: Mohan Bhagwat