| Thursday, 5th December 2019, 5:16 pm

'അങ്ങനെ സംഭവിക്കുമ്പോള്‍ ധോനിയുടെ പേര് അലറിവിളിക്കരുത്'; സഞ്ജുവിനല്ല, ഇത്തവണയും കോഹ്‌ലിയുടെ പിന്തുണ ഈ താരത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: വിക്കറ്റിനു പിന്നിലും ബാറ്റിങ്ങിലും തുടരുന്ന മോശം ഫോമിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനത്തിനു വിധേയനായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പന്തിനു പകരം മലയാളി താരം സഞ്ജു സാംസണ്‍ നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ട്വന്റി20 മത്സരത്തില്‍ കളിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പന്തിനു തന്നെ ക്യാപ്റ്റന്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

പന്തിന്റെ കഴിവില്‍ ടീമിനു പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. വെള്ളിയാഴ്ച മത്സരം നടക്കാനിരിക്കെ ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ക്ക് ഋഷഭിന്റെ കഴിവില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഒരു താരത്തിന് അയാളുടേതായ ഇടം നല്‍കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. അയാള്‍ ഒരുവസരം നഷ്ടപ്പെടുത്തുമ്പോള്‍ സ്‌റ്റേഡിയത്തിലുള്ളവര്‍ ധോനിയുടെ പേര് അലറിവിളിക്കരുത്. അതു മാന്യതയ്ക്കു നിരക്കുന്നതല്ല.

ഒരു താരത്തിനും ഇത്തരത്തിലൊന്നു സംഭവിക്കണമെന്ന് ആഗ്രഹിക്കില്ല. അയാള്‍ സ്വന്തം രാജ്യത്താണു കളിക്കുന്നത്. അതിനാല്‍ത്തന്നെ എന്തു പിഴവാണ് അടുത്തതായി വരുത്തുക എന്നു ചിന്തിക്കുന്നതിനേക്കാള്‍ പിന്തുണ നല്‍കുകയാണു നിങ്ങള്‍ അയാളോടു ചെയ്യേണ്ടത്.’- കോഹ്‌ലി പറഞ്ഞു.

പന്തിനെതിരായ വിമര്‍ശനങ്ങളെ എതിര്‍ത്തുകൊണ്ടു നേരത്തേ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രംഗത്തെത്തിയിരുന്നു. പന്ത് ഒരു മാച്ച് വിന്നര്‍ തന്നെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നാളത്തെ മത്സരത്തില്‍ സഞ്ജു ഓപ്പണറായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റതിനാല്‍ ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും കേരളത്തിനു വേണ്ടിയും ഐ.പി.എല്ലില്‍ രാജസ്ഥാന്‍, ദല്‍ഹി ടീമുകള്‍ക്കു വേണ്ടിയും സഞ്ജു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഇത് അന്തിമ ഇലവന്‍ തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിക്കറ്റ് കീപ്പര്‍ എന്നുള്ള അധിക യോഗ്യതയും സഞ്ജുവിനുണ്ടെന്നും ജയേഷ് പറഞ്ഞു. ഏതു പൊസിഷനിലും കളിക്കാന്‍ തയാറാണെന്നു സഞ്ജു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more