| Sunday, 8th June 2025, 8:56 am

എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുന്നതായിരിക്കും കൂടുതല്‍ ബുദ്ധിപരം: ഫഡ്നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

സംസ്ഥാനത്തെ ജനങ്ങളാല്‍ തോല്‍വി നേരിട്ട കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുന്നതായിരിക്കും കൂടുതല്‍ ബുദ്ധിപരമെന്ന് ഫഡ്നാവിസ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഫഡ്നാവിസ് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രമായ പ്രതികരണങ്ങള്‍ വായിക്കാതെ എഴുത്തുകാരനാകാനുള്ള ആഗ്രഹം രാഹുല്‍ ഗാന്ധിക്ക് ഉണ്ടെങ്കില്‍ ആംശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് 2024 ഡിസംബര്‍ 24ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ ഒമര്‍ ഹോഡയ്ക്ക് വിശദമായ 60 പേജുള്ള ഒരു കത്ത് അയച്ചിട്ടുണ്ടെന്നും അത് കൈവശമില്ലെങ്കില്‍ ഒരു പകര്‍പ്പ് എടുത്ത് വായിക്കണമെന്നും ഫഡ്നാവിസ് നിര്‍ദേശിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിലെ രാഹുല്‍ ഗാന്ധിയുടെ ലേഖനം അവഗണിക്കപ്പെടേണ്ടതാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഇതിനോടകം തന്നെ ബീഹാര്‍ ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വികള്‍ക്ക് ഒഴികഴിവുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഫഡ്നാവിസ് വിമര്‍ശിച്ചു.

സംസ്ഥാനത്തെ യുവവോട്ടര്‍മാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 40,81,229 വോട്ടര്‍മാരില്‍ 26,46,608 പേരും യുവ വോട്ടര്‍മാരായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ ഇവരെല്ലാം വ്യാജ വോട്ടര്‍മാരാണെന്നണ് രാഹുല്‍ ഗാന്ധി പറയുന്നതെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

ഡാറ്റകള്‍ അനുസരിച്ച് 2014നും 2019നും ഇടയില്‍ 63 ലക്ഷം പുതിയ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2009 മുതല്‍ 2014 വരെ 75 ലക്ഷവും 2004 മുതല്‍ 2009 വരെ ഒരു കോടി പുതിയ വോട്ടര്‍മാരെയും ചേര്‍ത്തുവെന്നാണ് ഫഡ്‌നാവിസിന്റെ വാദം. അതുകൊണ്ട് തന്നെ 2024ല്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെ പോളിങ് സമയമാണെന്നും ആറ് മണിക്ക് മുമ്പ് ബൂത്തില്‍ ക്യൂവില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അനുവാദമുണ്ടെന്നും രാഹുല്‍ ഗാന്ധിക്ക് അറിയില്ലേയെന്നും ഫഡ്നാവിസ് ചോദിച്ചു.

അഞ്ച് ഘട്ടങ്ങളുള്ള മാതൃക ഉപയോഗിച്ച് ബി.ജെ.പി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

അവസാന നിമിഷം വോട്ടിങ് ശതമാനം വര്‍ധിച്ചിടത്ത് എന്‍.ഡി.എ വിജയിച്ചുവെന്ന വാദം കൂടുതല്‍ പരിഹാസ്യമാണെന്നും ഫഡ്നാവിസ് പറഞ്ഞു.

മാധയില്‍ 18 ശതമാനം വോട്ടിങ് വര്‍ധനവുണ്ടായപ്പോള്‍ ശരദ് പവാര്‍ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വാണിയിലുണ്ടായത് 13 ശതമാനം വോട്ട് വര്‍ധനവാണ്. ജയിച്ചത് ആണെങ്കില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്തിലുള്ള ശിവസേനയുടെ സ്ഥാനാര്‍ത്ഥിയുമാണ്. ശ്രീരാംപൂരില്‍ 12 ശതമാനം വോട്ട് വര്‍ധനവുണ്ടായപ്പോള്‍ ജയിച്ചത് കോണ്‍ഗ്രസാണെന്നും ഫഡ്നാവിസ് പറഞ്ഞു.

ജനങ്ങളാല്‍ നിരാകരിക്കപ്പെട്ടതിന്റെ പ്രതികാരമായി രാഹുല്‍ ഗാന്ധി ജനങ്ങളെയും അവരുടെ വിധിയെഴുത്തിനെയും നിരസിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളെ മുന്‍നിര്‍ത്തി ഫഡ്നാവിസ് ആരോപിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ച് തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: If Rahul Gandhi wants to become a writer, then best wishes: Fadnavis mocked

We use cookies to give you the best possible experience. Learn more