ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ പാസ്‌പോര്‍ട്ട് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെങ്കില്‍ മറ്റേത് രേഖയാണ് ഇന്ത്യയില്‍ പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടതെന്ന് രാജ്യസഭാ എം.പിയും മുന്‍ അഭിഭാഷകനുമായ കപില്‍ സിബല്‍ ചോദിച്ചു.
പാസ്‌പോര്‍ട്ട് ഒരു യാത്രാ രേഖമാത്രമാണെന്നും പൗരത്വം തെളിയിക്കാനുളളതല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും ഈ തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ പൗരത്വം തെളിയിക്കണമെങ്കില്‍ ‘ഹിന്ദുവും ബി.ജെ.പി വോട്ടറും’ ആയാല്‍ മാത്രം മതിയെന്നും മറ്റൊന്നും ഇവിടെ യോഗ്യതയാകില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന അസംബന്ധമാണെും പൗരത്വം സ്ഥിരീകരിക്കാതെയാണോ സര്‍ക്കാര്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന് എഴുത്തുകാരനായ ജാവേദ് അക്തര്‍ ചോദിച്ചു.
ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ലെന്ന് മുമ്പ് തന്നെ കോടതികളും സര്‍ക്കാരും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് പിന്നാലെ പാസ്പോര്‍ട്ടും പൗരത്വ രേഖയല്ലെന്ന ഔദ്യോഗിക നിലപാട് വന്നതോടെ, യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ പൗരത്വം തെളിയിക്കാന്‍ ഏത് രേഖയാണ് കൈവശം വെക്കേണ്ടതെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചകളും ആശയക്കുഴപ്പങ്ങളും ഉടലെടുത്തിട്ടുണ്ട്
Content Highlight: If passport is not a citizenship document then what can be used to prove citizenship: Kabir Sibal against the Ministry of External Affairs