തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലങ്ങളില്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് നേമം മണ്ഡലത്തിലെ വി. ശിവന്‍കുട്ടിയുടെ പരാജയമാണ്.
രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ‘മന്ത്രിയപ്പൂപ്പനായി’ മാറിയ ശിവന്‍കുട്ടിയുടെ പരാജയത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമില്ലാതെ പോയതിലുള്ള സങ്കടമാണ് പലരും റീല്‍സുകളിലൂടെയും കുറിപ്പുകളിലൂടെയും പങ്കുവെക്കുന്നത്.
‘തെരഞ്ഞെടുപ്പില്‍ റിസള്‍ട്ടാണ് ഫൈനല്‍ എന്ന് അറിയാം, എങ്കിലും ഈ തോല്‍വി ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു’- വീഡിയോകളില്‍ കുട്ടികള്‍ ഒരേസ്വരത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ തന്നോട് പ്രകടിപ്പിക്കുന്ന ഈ അചഞ്ചലമായ സ്‌നേഹമാണ് തന്റെ ഏറ്റവും വലിയ കൈമുതലെന്നും താന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും മറുപടി നല്‍കിക്കൊണ്ട് ശിവന്‍കുട്ടി തന്നെ ഇത്തരം വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി എന്നതിലുപരി വിദ്യാര്‍ത്ഥികളുടെ ഓരോ ചെറിയ ആവശ്യങ്ങളിലും വിപ്ലവകരമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പദവിയിലിരുന്ന കാലയളവില്‍ അദ്ദേഹം നടപ്പിലാക്കിയ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ കുട്ടികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു കുട്ടി പോലും പഠനയാത്രകളില്‍ നിന്ന് ഒഴിവാക്കപ്പെടരുതെന്ന കര്‍ശന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. പോക്സോ കേസില്‍ പ്രതികളായ ഒന്‍പത് അധ്യാപകരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ നടപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പഠനം നിര്‍ബന്ധമാക്കി കേരളത്തെ ലോകത്തിന് മുന്നിലെത്തിച്ചു. ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി കലോത്സവ ചട്ടങ്ങളില്‍ ഇളവ് വരുത്തി ഓണ്‍ലൈനായി മത്സരിക്കാന്‍ അനുമതി നല്‍കി.
ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ വലഞ്ഞ കായിക പ്രതിഭകള്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് നല്‍കി മത്സരവേദിയിലെത്തിച്ചു. ആഘോഷവേളകളില്‍ യൂണിഫോം വേണ്ടെന്നും കുട്ടികള്‍ ‘പൂമ്പാറ്റകളെപ്പോലെ’ പാറട്ടെ എന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ കാഴ്ചപ്പാട് നല്‍കി.
അംഗനവാടികളില്‍ ബിരിയാണി നല്‍കിയത് മുതല്‍ സ്‌കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ വീട്ടിലെത്തിച്ചത് വരെ നീളുന്നു അദ്ദേഹത്തിന്റെ ഭരണമികവ്.
പൂട്ടിപ്പോകാന്‍ തുടങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഹൈടെക് ആക്കി മാറ്റിയതും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും ശിവന്‍കുട്ടിയുടെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
‘അദ്ദേഹത്തിന്റെ കൈകളില്‍ ഞങ്ങളുടെ മക്കള്‍ സുരക്ഷിതരായിരുന്നു’ എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. രാഷ്ട്രീയ ഭേദമന്യേ കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രി എന്ന വിശേഷണമാണ് വീഡിയോകള്‍ക്ക് താഴെ നിറയുന്നത്.
‘ഈ ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല സഖാവേ… കാലം തെളിയിക്കും നമ്മളായിരുന്നു ശരിയെന്ന്’ എന്നിങ്ങനെയുള്ള വൈകാരിക കമന്റുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിറയുന്നത്.
വോട്ട് ചെയ്ത മുതിര്‍ന്നവര്‍ അദ്ദേഹത്തെ മറന്നാലും, തങ്ങളുടെ പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പനെ കേരളത്തിലെ കുരുന്നുകള്‍ ഒരിക്കലും മറക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ വീഡിയോകള്‍. ഇത്തരത്തില്‍ രാഷ്ട്രീയ കേരളത്തിന് പുതിയൊരു ‘പാഠപുസ്തകം’ കൂടി നല്‍കിയാണ് വി. ശിവന്‍കുട്ടി പടിയിറങ്ങുന്നത്.
Content Highlight: If only we could vote, we’d have made him win’; Students in tears as their beloved ‘Minister-Grandpa’ steps down