| Friday, 18th September 2026, 4:31 pm

നെഹ്റു ജീവിച്ചിരുന്നെങ്കിൽ സതീശനെ ചൂലെടുത്ത് അടിച്ചേനെ; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

സതീശൻ ചെയ്യുന്ന ഓരോ കാര്യങ്ങളും കണ്ടാൽ നെഹ്റു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ചൂലെടുത്ത് അടിക്കുമായിരുന്നു എന്ന് ബിനോയ് വിശ്വം പറഞ്ഞു.

നെഹ്റുവിന്റെ യഥാർത്ഥ രാഷ്ട്രീയ ആശയങ്ങളെയും പാരമ്പര്യത്തെയും പൂർണമായി തള്ളിപ്പറയുന്ന നിലപാടുകളാണ് സതീശന്റേതെന്നും അദ്ദേഹം വിമർശിച്ചു.

നെഹ്റു ചിന്തിക്കുകയോ പറയുകയോ ചെയ്യാത്ത, നെഹ്റൂവിയൻ കോൺഗ്രസ് ഒരിക്കലും സങ്കൽപ്പിക്കാത്ത വഴികളിലൂടെയാണ് സതീശന്റെ നേതൃത്വത്തിൽ ഇവിടുത്തെ കോൺഗ്രസ് മുന്നോട്ടുപോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ തെറ്റുകൾ മൂടിവെക്കാനുള്ള വെറുമൊരു മറയായിട്ടാണ് ഇന്ന് നെഹ്റുവിന്റെ പേര് ഉപയോഗിക്കുന്നത്. എന്നാൽ അത്തരം തെറ്റുകൾ ഒളിച്ചുവെക്കാനുള്ള മറയല്ല നെഹ്റുവെന്ന് കോൺഗ്രസ് നേതൃത്വവും സതീശനും തിരിച്ചറിയണമെന്ന് അദ്ദേഹം തുറന്നടിച്ചു.

അതേസമയം, ജനങ്ങൾക്കിടയിലെ തിരിച്ചടികളെ ഗൗരവമായ ആത്മപരിശോധനയോടെ കാണാൻ ഇടതുപക്ഷവും തയ്യാറാകണമെന്ന് ബിനോയ് വിശ്വം ഓർമിപ്പിച്ചു.

വീഴ്ചകളെ വീഴ്ചയായിത്തന്നെ കാണണം. തളിപ്പറമ്പിലും പയ്യന്നൂരിലും പുന്നപ്രയുടെ മണ്ണായ അമ്പലപ്പുഴയിലും ഉണ്ടായ തിരിച്ചടികൾ പാഠമാകണം. സാധാരണക്കാരായ ജനങ്ങളുടെയും സഖാക്കളുടെയും ലളിതമായ ആവശ്യങ്ങൾ നാം വേണ്ടത്ര ഗൗരവത്തോടെ കേൾക്കുകയും പരിഗണിക്കുകയും ചെയ്തോ എന്ന് ഇടതുപക്ഷം സ്വയം വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight:If Nehru were alive, he would have beaten Satheesan with a broom,” says Binoy Viswam in scathing criticism.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more