| Saturday, 15th August 2026, 7:37 am

1947 ല്‍ മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്തെ ആരും നശിപ്പിക്കില്ലായിരുന്നു; വിഭജനത്തിന് ഉത്തരവാദി കോണ്‍ഗ്രസ്: യോഗി

നിഷാന. വി.വി

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നരേന്ദ്ര മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ വിഭജനം നടക്കില്ലായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഇന്ത്യയുടെ വിഭജനത്തിനും തുടര്‍ന്നുണ്ടായ അക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്നും യോഗി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയോ മോദിയെയോ പോലുളള നേതാക്കള്‍ക്ക് കീഴില്‍ രാജ്യത്തിന്റെ ചരിത്രം വ്യത്യസ്തമാകുമായിരുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. വിഭജന ഭീകരത അനുസ്മരണ ദിനത്തോടനുബന്ധിച്ച് ലഖ്‌നൗവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യോഗിയുടെ പരാമര്‍ശം.

രാഷ്ട്രീയ അധികാരത്തിന് മുന്‍ഗണന നല്‍കി കോണ്‍ഗ്രസ് രാജ്യത്തെ പരാജയപ്പെടുത്തിയെന്നും വിഭജനത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യയെ ഇപ്പോഴും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ സ്വതന്ത്ര്യ സമയത്ത് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ആര്‍ക്കും ഇന്ത്യയെ ചെറുതായി പോലും നശിപ്പിക്കാന്‍ കഴിയുമായിരുന്നില്ല,’ യോഗി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലൊരാളാണ് പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഭീരുത്വത്തിന് രാജ്യം വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിന്ധ്, പഞ്ചാബ്, ബംഗാള്‍ എന്നിവയുള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഹിന്ദു സ്വഭാവമുള്ളതായിട്ടും പാകിസ്ഥാന് കൈമാറിയെന്നും യോഗി ആരോപിച്ചു. രാജ്യം കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ ആ വിശ്വാസത്തിന് അവര്‍ വഞ്ചനയിലൂടെയാണ് പകരം വീട്ടിയതെന്നും അദ്ദേഹം വാദിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് മൗനത്തിലായിരുന്നുവെന്നും ബംഗ്ലാദേശിലെ വിഷയങ്ങളോട് പ്രതികരിച്ചാല്‍ അവരുടെ വോട്ട് ബാങ്ക് അവരില്‍ നിന്നും അകലുമോയെന്ന് അവര്‍ ഭയപ്പെട്ടുവെന്നും ദളിത് ഹിന്ദുക്കളുടെ കൊലപാതകത്തിന് അവര്‍ക്ക് ഒരു പ്രാധാന്യവുമില്ലെന്നും വോട്ട് ബാങ്കാണ് പ്രാധാന്യമെന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും രാജ്യത്തെ സ്വകാര്യ സ്വത്തായും കുടംബപാരമ്പര്യമായുമാണ് കണക്കാക്കുന്നതെന്നും യോഗി പറഞ്ഞു.

Content Highlight: If Modi had been the Prime Minister in 1947, no one would have destroyed the country; the Congress was responsible for the Partition: Yogi.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more