| Sunday, 25th October 2026, 11:31 am

യമാലാണ് ഉത്തരമെങ്കിൽ റൊണാൾഡോ വീഴും; ചരിത്രം പിറക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

2026ലെ ബാലൺ ഡി ഓർ പുരസ്‌കാരം ആരുടെ കൈകളിലെത്തുമെന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ തുടങ്ങിയ വമ്പൻ താരങ്ങളാണ് ഇത്തവണത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെട്ടവരിൽ മുൻനിരയിലുള്ളത്.

ഇത്തവണ പുരസ്‌കാര നേട്ടത്തിന് ഏറ്റവുമധികം സാധ്യത കൽപിക്കുന്ന താരമാണ് ബാഴ്‌സയുടെ സ്പാനിഷ് താരം ലാമിൻ യമാൽ.

ഇത്തവണ ബാലൺ ഡി ഓറിന്റെ അവകാശിയായി യമാൽ മാറുകയാണെങ്കിൽ ഒരു ചരിത്ര നേട്ടമാവും ഫുട്ബോൾ ലോകത്ത് പിറവിയെടുക്കുക. ബാലൺ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം 19കാരനെ തേടിയെത്തും.

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയുടെ പേരിലുള്ള റെക്കോഡ് ആയിരിക്കും തകർന്നു വീഴുക. 21 വയസും 96 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു റൊണാൾഡോ നസാരിയോ ബാലൺ ഡി ഓർ നേടിയത്. അതുകൊണ്ടുതന്നെ ബ്രസീലിയൻ ഇതിഹാസത്തിന്റെ ഈ റെക്കോഡ് യമാലിന് മുന്നിൽ പഴങ്കഥയാവുമോയെന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതിൽ യമാൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളിൽ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാൽ നേടിയത്.

രാജ്യാന്തര തലത്തിൽ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളിൽ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാൽ നേടിയത്.

യമാൽ തന്റെ കരിയറിൽ മൂന്നാം തവണയാണ് ബാലൺ ഡി ഓറിന് നാമനിർദേശം ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലൺ ഡി ഓർ പട്ടികയിലുണ്ടായിരുന്നു.

മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് നാമനിർദേശം ലഭിക്കുന്ന ആദ്യ യുവതാരം കൂടിയാണ് യമാൽ. ഈ റെക്കോഡിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ മറികടന്നാണ് യമാൽ ചരിത്രം കുറിച്ചത്.

20 വയസിന് മുമ്പ് രണ്ട് തവണ ബാലൺ ഡി ഓർ നാമനിർദേശം ലഭിച്ചിട്ടുള്ള ഏക താരമായിരുന്നു എംബാപ്പെ (2017, 2018). വെയ്ൻ റൂണിക്കും 19ാം വയസിൽ (2004, 2005) രണ്ട് തവണ നാമനിർദേശം ലഭിച്ചിരുന്നു. എന്നാൽ 2005ലെ പുരസ്‌കാര ചടങ്ങ് നടക്കുമ്പോഴേക്കും റൂണി 20 വയസിലെത്തിയായിരുന്നു.

ഓഗസ്റ്റ് 26നാണ് ബാലൺ ഡി ഓർ വിജയിയെ പ്രഖ്യാപിക്കുന്നത്. ഇത്തവണ ലണ്ടനിൽ വെച്ചാണ് ബാലൺ ഡി ഓർ ചടങ്ങ് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബാലൺ ഡി ഓർ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലൺ ഡി ഓർ ജേതാവായ സർ സ്റ്റാൻലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലൺ ഡി ഓർ ചടങ്ങ് നടക്കുക.

Content Highlight: If Lamine Yamal won 2026 Ballon d or award will create a new history

We use cookies to give you the best possible experience. Learn more