| Friday, 25th September 2026, 2:21 pm

യമാല്‍ ബാലണ്‍ ഡി ഓര്‍ നേടിയാല്‍... ലോകചാമ്പ്യന് മുമ്പില്‍ ചരിത്രം വഴിമാറുമോ?

ആദർശ് എം.കെ.

2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആര്‍ക്കെന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. മെസിയടക്കമുള്ള 30 താരങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്.

ലോകകപ്പ് നേടിയതിനാല്‍ സ്പാനിഷ് ടീം അംഗങ്ങള്‍ക്കും ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതിനാല്‍ പി.എസ്.ജി താരങ്ങള്‍ക്കും കിരീടമില്ലെങ്കിലും വ്യക്തിഗത പ്രകടനം മുന്‍നിര്‍ത്തി എംബാപ്പെ അടക്കമുള്ളവര്‍ക്കും ഇത്തവണ സാധ്യത കല്‍പിക്കുന്നുണ്ട്.

ഇത്തവണ പുരസ്‌കാര നേട്ടത്തിന് ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് ബാഴ്‌സയുടെ സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാല്‍. ബാഴ്‌സയ്‌ക്കൊപ്പം ലീഗ് കിരീടം അടക്കമുള്ള ട്രോഫികള്‍ നേടിയ 19കാരന്‍ ദേശീയ ടീമിനൊപ്പം ലോകകിരീടവും സ്വന്തമാക്കി.

ഒരുപക്ഷേ 2026ലെ ബാലണ്‍ ഡി ഓര്‍ ലാമിന്‍ യമാലിന്റെ കൈകളിലെത്തുകയാണെങ്കില്‍ ഒരു ചരിത്ര നേട്ടത്തിനാകും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളത്തില്‍ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാല്‍ മാറും.

ലോകകപ്പുമായി

കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പോരാട്ടത്തില്‍ ഒസ്മാനെ ഡെംബെലെക്ക് പിന്നില്‍ രണ്ടാമതായി പോയിന്റ് പട്ടികയില്‍ ഇടംനേടിയ യമാല്‍, ഈ വര്‍ഷം പുരസ്‌കാരം നേടാനായാല്‍ ബാലണ്‍ ഡി ഓറിന്റെ 70 വര്‍ഷത്തെ ചരിത്രം തിരുത്തിയാകും റെക്കോഡ് നേട്ടത്തിലെത്തുക.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടെ പേരിലുള്ള നേട്ടമാകും 19കാരന്‍ യമാലിന്റെ പേരില്‍ കുറിക്കപ്പെടുക.

റൊണാള്‍ഡോ നസാരിയോ

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്ന പ്രായം കുറഞ്ഞ താരം

(താരം – പ്രായം എന്നീ ക്രമത്തില്‍)

റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 21 വയസും 96 ദിവസവും

മൈക്കല്‍ ഓവന്‍ (ഇംഗ്ലണ്ട്) – 22 വയസും നാല് ദിവസവും.

ലയണല്‍ മെസി (അര്‍ജന്റീന) – 22 വയസും 157 ദിവസവും

ജോര്‍ജ് ബെസ്റ്റ് (നോര്‍തേണ്‍ ഐലന്‍ഡ്) – 22 വയസും 212 ദിവസവും

ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹതയുണ്ടെന്ന് ലാമിന്‍ യമാല്‍ പറഞ്ഞിരുന്നു.

‘ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്ന ആര്‍ക്കും ഒരു കാര്യം വ്യക്തമാണ്; ഞാനും കിലിയന്‍ എംബാപ്പെയുമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍. എന്നാല്‍ ഈ വര്‍ഷം സ്വന്തമാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ അര്‍ഹത എനിക്കാണ്,’ യമാല്‍ പറഞ്ഞു.

മോവിസ്റ്റാര്‍ പ്ലസ് ഡിപോര്‍ട്ടസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ലാമിന്‍ യമാല്‍. Photo: FB Barcelona

പരിക്കുകള്‍ കാരണം മത്സരങ്ങള്‍ നഷ്ടമായിട്ടും ബാഴ്‌സലോണയ്ക്കായി ലാ ലിഗയില്‍ 28 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും 11 അസിസ്റ്റുകളും താരം നേടി. ഒപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്കായി പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി.

Content Highlight: If Lamine Yamal does win the 2026 Ballon d’Or… he will become the youngest ever winner

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more