വാഷിങ്ടണ്‍: അടുത്ത 50 ദിവസത്തിനുള്ളില്‍ ഉക്രൈനുമായുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലില്‍ തീരുമാനം ആയില്ലെങ്കില്‍ 100 ശമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ സെക്കർറി താരിഫ് നടപ്പിലാക്കാന്‍ പോകുകയാണ്. 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലില്‍ തീരുമാനം ആയില്ലെങ്കില്‍ 100 ശതമാനം തീരുവ ചുമത്തും,’ ട്രംപ് പറഞ്ഞു.
ഉക്രൈൻ യുദ്ധം പുടിന്‍ കൈകാര്യം ചെയ്തതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കിടയിലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
നേരത്തെ സമാധാനം ആഗ്രഹിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഉക്രൈനെതിരെ ആക്രമണം ശക്തമാക്കുകയായിരുന്നു. ഇത് ട്രംപ് രോഷം പ്രകടിപ്പിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ് സൂചന നല്‍കി.
‘പ്രസിഡന്റ് പുടിനെക്കുറിച്ച് എനിക്ക് വളരെ നിരാശയുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന ആളാണെന്ന് കരുതി. അദ്ദേഹം വളരെ മനോഹരമായി സംസാരിക്കും എന്നാല്‍ പിന്നീട് വെടിവെപ്പ് തുടരും’ ട്രംപ് പറഞ്ഞു.
റഷ്യക്കെതിരായ യുദ്ധത്തില്‍ ഉക്രൈനെ പിന്തുണക്കാന്‍ നാറ്റോക്ക് അമേരിക്ക അയക്കുന്ന ആയുധങ്ങളില്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും ബാറ്ററികളും ഉള്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച പുടിന്റെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും മോസ്‌കോയില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlight: If it doesn’t ends Ukraine war in 50 day’s heavy tariffs on Russia