ടെഹാറാന്‍: ഇറാന്റെ തുറമുഖങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ മുഴുവന്‍ തുറമുഖങ്ങളും ഇറാന്റെ നിയമാനുസൃത ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ സൈന്യം.
ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫാസന്‍ ഷെകാര്‍ച്ചിയാണ് സ്റ്റേറ്റ് ടി.വിയിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
‘ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെയുള്ള ഭീഷണിയുമായി യുഎസ് മുന്നോട്ട് പോയാല്‍, പേര്‍ഷ്യന്‍ ഗള്‍ഫില്‍ നമുക്ക് എത്തിച്ചേരാനാകാത്ത ഒരു തുറമുഖമോ, സാമ്പത്തിക കേന്ദ്രമോ, സ്ഥലമോ ഉണ്ടാകില്ല. കൂടാതെ നിയമാനുസൃത ലക്ഷ്യങ്ങളായി അവ ആക്രമിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ ഇസ്രഈല്‍-യു.എസ് ആക്രമണം ആരംഭിച്ചതുമുതല്‍ ഇറാന്‍ സംയമനം പാലിച്ചുവെന്നും മേഖലയിലെ യു.എസ് സൈനിക താവളങ്ങളിലും ആസ്തികളിലും മാത്രമായി ആക്രമണം പരിമിതപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തെക്കന്‍ ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ യു.എസ് ആക്രമിച്ചാല്‍ തെക്കന്‍ ഗള്‍ഫിലെ എല്ലാ സ്ഥലങ്ങൡലേയ്ക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷങ്ങളുടെ ഭാഗമായി നേരിടുന്ന ഊര്‍ജ ക്ഷാമത്തെ തുടര്‍ന്ന് ഇറാന്റെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന യു.എസിന്റെ ഭീഷണിക്കുള്ള മറുപടിയായാണ് മുന്നറിയിപ്പ്.
ഇറാനിയന്‍ നാവിക കപ്പലുകള്‍ തെക്കന്‍ ഇറാനിലെ ഡോക്കുകളിലും സാമ്പത്തിക തുറമുഖങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന യു.എസ് സൈന്യത്തിന്റെ അവകാശവാദങ്ങള്‍ ഷെകാര്‍ച്ചി തള്ളി.
‘ഈ വാര്‍ത്ത നൂറ് ശതമാനം തെറ്റാണെന്ന് ഞങ്ങള്‍ കരുതുന്നു, അത് ഒരു നുണയാണ്. ഇറാനിയന്‍ സായുധ സേന ശക്തമായി നിലകൊള്ളുന്നു, ആവശ്യമെങ്കില്‍, ഇതുവരെ നടത്തിയതിനേക്കാള്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തും,’ അദ്ദേഹം പറഞ്ഞു.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ കഴിഞ്ഞയാഴ്ച തന്നെ നിയന്ത്രിച്ചിരുന്നു.
ഇതോടെ വലിയ രീതിയിലുളള ഇന്ധന ക്ഷാമമാണ് പല രാജ്യങ്ങളും നേരിടുന്നത്. വില ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: If Iranian ports are attacked, all ports in Gulf countries will be targets; Iranian military warns