ഹൈദരാബാദ്: ആര്‍.എസ്.എസിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി.
തന്റെ അറിവില്‍ സ്വാതന്ത്ര്യസമരകാലത്ത് ഒരു ആര്‍.എസ്.എസ് അംഗവും ജീവന്‍ ബലിനല്‍കിയിട്ടില്ലെന്ന് ഒവൈസി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലും ഇന്ത്യയുടെ വികസനത്തിലും ആര്‍.എസ്.എസ് സജീവ പങ്കാളികളായിരുന്നുവെന്ന മോദിയുടെ പ്രസ്താവനയിലാണ് ഒവൈസിയുടെ പ്രതികരണം.
‘പ്രധാനമന്ത്രിക്ക് നീണ്ട പ്രസംഗം നടത്തുന്ന ഒരു ശീലമുണ്ട്. എന്നാല്‍ ആര്‍.എസ്.എസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം എന്നെ അത്ഭുതപ്പെടുത്തി. സ്വാതന്ത്ര്യസമരകാലത്ത് ഒരു ആര്‍.എസ്.എസ് നേതാവും ജീവന്‍ ബലിയര്‍പ്പിച്ചതായി എന്റെ അറിവിലില്ല. രാഷ്ട്ര രൂപീകരണത്തിന് ശേഷവും ആരും ജയിലില്‍ പോയിട്ടില്ല,’ എന്നാണ് ഒവൈസി പറഞ്ഞത്.
1930ല്‍ ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത ആര്‍.എസ്.എസ് നേതാവ് പിന്നീട് ജയിലില്‍ പോയത് സ്വാതന്ത്ര്യസമര സേനാനികളെ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിക്കാനാണെന്നും ഒവൈസി പറഞ്ഞു. ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഒവൈസിയുടെ പരാമര്‍ശം.
സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുക എന്നതായിരുന്നില്ല ഹെഡ്‌ഗേവാറിന്റെ ഉദ്ദേശമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
1947 ഓഗസ്റ്റ് 14ന് ആര്‍.എസ്.എസ് മാസികയായ ഓർഗനൈസർ ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ അശുഭകരമെന്ന് പറഞ്ഞത് മോദിയുടെ അറിവിലില്ലേയെന്നും ഒവൈസി ചോദിച്ചു. അറിവില്ലെങ്കില്‍ അവഗണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മനുസ്മൃതി വേണമെന്നായിരുന്നു ഓര്‍ഗനൈസറിന്റെ ആവശ്യം. 1949 നവംബര്‍ 23ന് ഭരണഘടന അംഗീകരിച്ചപ്പോള്‍ ഭരണഘടന ആവശ്യമില്ലെന്നാണ് ഓര്‍ഗനൈസര്‍ എഴുതിയതെന്നും ഒവൈസി ഓര്‍മിപ്പിച്ചു. ഇന്ത്യയിലെ മുസ്‌ലിങ്ങളെ ആര്‍.എസ്.എസ് ആവര്‍ത്തിച്ച് സംശയിക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.
‘ഐ ലവ് മുഹമ്മദ്’ വിവാദത്തില്‍ ആരെങ്കിലും ‘ഐ ലവ് മോദി’ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ല്‍ ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും ഇടതുപക്ഷത്തേയും ഇന്ത്യയുടെ ആഭ്യന്തര ഭീഷണികളായി മുദ്രകുത്തുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.
നേരത്തെ ആര്‍.എസ്.എസിനെ പുകഴ്ത്തിക്കൊണ്ടുള്ള മോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വിമര്‍ശനമുന്നയിച്ചിരുന്നു.
ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മോദി പുറത്തിറക്കിയ പുതിയ തപാല്‍ സ്റ്റാമ്പും നാണയവും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള മോദിയുടെ അവകാശവാദങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ നിശിതമായി എതിര്‍ത്തിരുന്നു.
Content Highlight: If I had said ‘I love Modi’, there would have been no opposition from BJP: Owaisi mocks