ന്യൂദല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി നേതാവ് കുല്‍ദീപ് സെന്‍ഗാറിന്റെ ജാമ്യാപേക്ഷ തളളിയ സുപ്രീംകോടതി വിധിയില്‍ ആശ്വാസം പ്രകടിപ്പിച്ച് അതിജീവിത.
വിധി പ്രഖ്യാപിക്കുമ്പോള്‍ താന്‍ കോടതിയിലുണ്ടായിരുന്നുവെന്നും വിധിയില്‍ താന്‍ സന്തുഷ്ടയാണെന്നും അതിജീവിത പ്രതികരിച്ചു.
താന്‍ നേരിട്ട ആക്രമണം തെളിയിക്കാന്‍ എട്ട് വര്‍ഷമായി പോരാടുകയാണെന്നും കോടതി വിധിക്ക് ശേഷം അതിജീവിത പറഞ്ഞു. എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘എന്റെ അച്ഛന്‍ ഇനി തിരിച്ചുവരില്ല, സെന്‍ഗാറിന്റെ സഹോദരന്മാരായ അതുല്‍ സിംഗ് സെന്‍ഗാറും ജയ്ദീപ് സെന്‍ഗാറും എന്റെ അച്ഛനെ കൊന്നു. ചികിത്സയാക്കായി അവര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പുറത്താണ്,’ അതിജീവിത പറഞ്ഞു.
സെന്‍ഗാറിനെ പരാമര്‍ശിച്ചുകൊണ്ട് അയാള്‍ തനിക്കെതിരെ ഒരു ഹീനമായ പ്രവൃത്തി ചെയ്തു, തന്നെ ബലാത്സംഗം ചെയ്തു. അത് എനിക്കെങ്ങനെ തെളിയിക്കാന്‍ കഴിയുമെന്നും അതിജീവിത ചോദിച്ചു.
‘നിര്‍ഭയയെ പോലെ ഞാനും മരിച്ചിരുന്നുവെങ്കില്‍ ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്ന് എല്ലാവരും വിശ്വസിക്കുമായിരുന്നു. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എനിക്കെന്താണ് സംഭവിച്ചതെന്ന് തെളിയിക്കാന്‍ എട്ട് വര്‍ഷമായി ഞാന്‍ കഷ്ടപ്പെടുകയാണ്,’ അവര്‍ പറഞ്ഞു.
സുപ്രീം കോടതിയോട് തന്റെ പിതാവിന് നീതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
‘ എന്റെ പിതാവിന് ശാന്തി ലഭിക്കാനും അദ്ദേഹത്തിന് നീതി ലഭിക്കാനും സെനഗറിനെ തൂക്കിലേറ്റണം,’ അവര്‍ ആവശ്യപ്പെട്ടു.
അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സെന്‍ഗാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജനുവരി 19 ന് ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു കുല്‍ദീപ് സെന്‍ഗാര്‍ ഹരജി സമര്‍പ്പിച്ചത്.
സെന്‍ഗാറിന്റെ ഹരജി കേള്‍ക്കാന്‍ വിസമ്മതിച്ച കോടതി ഈ ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
മൂന്ന് മാസത്തിനുള്ളില്‍ ഹരജി തീര്‍പ്പാക്കണമെന്ന് ദല്‍ഹി ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.
കുല്‍ദീപിന്റെ ജീവപര്യന്തം തടവ് മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീല്‍ പരിഗണിച്ചായിരുന്നു നടപടി. സെന്‍ഗാറിന്റെ ജാമ്യവും കോടതി സ്റ്റേ ചെയ്തിരുന്നു.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച പൊലീസ് പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് റായ്ബറേലിയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
പിന്നാലെ കുല്‍ദീപിനെ പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി പുറത്താക്കി. കേസ് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു.
ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. സെന്‍ഗാറിന്റെ നിര്‍ദേശമനുസരിച്ച് ആയുധ നിയമപ്രകാരമായിരുന്നു അറസ്റ്റ്. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2018 ഏപ്രിലിലാണ് അതിജീവിതയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ഗാറിന്റെ അറിവോടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് എഫ്.ഐ.ആര്‍.
Content Highlight: ‘If I had died like Nirbhaya, everyone would have believed me’: Unnao survivor