ടെഹ്റാൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ക്കെതിരായ യു.എസ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശത്തെ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി.
പുരാതന റോമൻ ജനറൽ പോംപെയുടെ ‘വാളെടുത്ത മനുഷ്യരോട് നിയമങ്ങൾ ഉദ്ധരിക്കരുത്’ എന്ന വാചകത്തിലൂടെ ഹേഗിലെ കോടതിയിൽ യു.എസ് സെക്രട്ടറി നടത്തിയ പരാമർശത്തിലാണ് അരാഗ്ചി തന്റെ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്.
വാളെടുത്ത മനുഷ്യരോട് നിയമങ്ങൾ ഉദ്ധരിക്കരുത് എന്നുപറഞ്ഞ റോമൻ ജനറലിന് അദ്ദേഹത്തിന്റെ അവസാന പോരാട്ടം കനത്ത പരാജയമാണ് നൽകിയതെന്ന് അരാഗ്ചി പറഞ്ഞു.
യുദ്ധക്കളത്തിൽ നിന്നും ഓടിപ്പോയ അദ്ദേഹത്തിന്റെ തല വെട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
തത്വ ചിന്തകൻ ജോർജ് സന്തായാനയുടെ വാചകങ്ങൾ ഉദ്ധരിച്ച് ഭൂതകാലം ഓർമ്മിക്കാൻ കഴിയാത്തവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ അമേരിക്ക തുടരുന്ന ഭീഷണികളുടെയും സൈനിക നിലപാടുകളുടെയും പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനകൾ.
കഴിഞ്ഞ ആഴ്ച യു.എസ് സെക്രട്ടറി അന്താരാഷ്ട്ര നിയമങ്ങളെ ആയുധമാക്കുന്നതിനെ വിമർശിക്കുകയും അത് ഉന്നതരുടെ ഉപകരണമാണെന്നും പറഞ്ഞു.
ഫെഡറലിസ്റ് സൊസൈറ്റി നാഷണൽ ലോയേഴ്സ് കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മാർക്ക് റൂബിയോ സംസാരിച്ചത്.
അമേരിക്ക അഗീകരിക്കാത്ത നിയമങ്ങൾ അമേരിക്കൻ പൗരന്മാർക്കുമേൽ നടപ്പിലാക്കാൻ അന്താരാഷ്ട്ര കോടതി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഐ.സി.സിയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യു.എസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് റൂബിയോയുടെ പരാമർശം.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും റൂബിയോയുടെ വാക്കുകൾ ഏറ്റെടുത്ത് എക്സിൽ പങ്കുവെച്ചു.
Content Highlight: If history is forgotten, defeats will repeat; Araghchi responds to US Secretary Marco Rubio.