| Thursday, 8th October 2026, 1:33 pm

ഗ്ലിക്‌സണന്റെ ആഷ്ലിയെ കുറിച്ചുള്ള ഓര്‍മകളുടെ 'എട്ട് സെക്കന്റ് ' കട്ട് വരികയാണെങ്കില്‍ ഏതൊക്കെ സീനുകള്‍ ഉണ്ടാകും; മറുപടിയുമായി റോഷന്‍

ആര്യ.പി

‘ബെത്ലഹേം കുടുംബ യൂണിറ്റിന്റെ’ ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം കയ്യടി നേടിയ കഥാപാത്രങ്ങളിലൊന്നാണ് റോഷന്‍ അവതരിപ്പിച്ച ഗ്ലിക്സണ്‍.

ചിത്രത്തിന്റെ ക്ലൈമാക്സിലെ ഒരു രംഗത്തില്‍ ജസ്റ്റിന്റെ ആഷ്‌ലിയെ കുറിച്ചുള്ള ഓര്‍മകളുടെ എട്ട് സെക്കന്റ് കട്ട് വരുന്നുണ്ട്. ആഷ്‌ലിയെ ആദ്യമായി കണ്ടതുമുതല്‍ കാറിനകത്തിരുന്ന് പ്രണയം പറയുമ്പോള്‍ ആഷ്‌ലി കൊടുത്ത ഉമ്മ വരെ നീളുന്ന ആ കട്ട് സിനിമയിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളില്‍ ഒന്നായിരുന്നു.

അത്തരത്തില്‍ ഗ്ലിക്സണിന്റെ മനസിലെ ആഷ്‌ലിയെ കാണിക്കാന്‍ എട്ട് സെക്കന്റ് മാത്രമുള്ള ഒരു കട്ട് വെക്കുകയാണെങ്കില്‍ ഏതൊക്കെ രംഗങ്ങളായിരിക്കും ഉണ്ടാകുകയെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് റോഷന്‍.

‘അങ്ങനെ ഒരു കട്ട് വെക്കുകയാണെങ്കില്‍ വന്നുപോകുന്ന എല്ലാ സീനും വെക്കേണ്ടി വരും’ എന്നായിരുന്നു റോഷന്റെ മറുപടി.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.

ഗ്ലിക്സണ്‍ ആഷ്‌ലിയെ ആദ്യമായി കാണുന്ന രംഗം മുതല്‍ അവളെക്കുറിച്ചുള്ള അയാളുടെ കരുതലും വേദനയും വ്യക്തമാകുന്ന അവസാന ഘട്ടം വരെയുള്ള സീനുകളെല്ലാം ആ എട്ട് സെക്കന്റില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്നും റോഷന്‍ പറയുന്നു.

‘പോര്‍ക്ക് കൊണ്ടുകൊടുക്കാനായി ജസ്റ്റിന്റെ വീട്ടിലെത്തുമ്പോഴാണ് ഗ്ലിക്സണ്‍ ആദ്യമായി ആഷ്‌ലിയെ കാണുന്നത്. ജസ്റ്റിന്റെ അച്ഛന് ആ കവര്‍ കൊടുക്കുമ്പോള്‍ ആണ് അവന്‍ ആഷ്‌ലിയെ കാണുന്നത്. അവിടം തൊട്ട് തുടങ്ങിയിട്ട് തീരുന്നതുവരെ, അതായത് ഗ്ലിക്‌സണ്‍ ആ ഹാര്‍ട്ട് ബ്രേക്ക് ആയി നില്‍ക്കുന്നതുവരെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്താം.

ജസ്റ്റിന്‍, താനും ആഷ്‌ലിയുമായി പ്രണയത്തിലാണെന്ന് റിവീല്‍ ചെയ്യുന്ന സീനില്‍ ക്യാമറ ട്രാക്ക് ബാക്ക് വരുമ്പോള്‍ ഗ്ലിക്‌സന്റെ മുഖം കാണിക്കുന്നുണ്ട്. അവന്‍ ആ ചുമരും ചാരി വിങ്ങിപ്പൊട്ടി നില്‍ക്കുന്നതായിട്ടുള്ള സീന്‍. അതുവരെയുള്ള എല്ലാം കൊടുക്കാം അതിന് ശേഷം പിന്നെ ഒന്നുമില്ല,’ റോഷന്‍ പറഞ്ഞു.

ഗ്ലിക്സണായി അഭിനയിച്ചപ്പോള്‍ കഥാപാത്രം ഇത്രത്തോളം പ്രേക്ഷകരുടെ ശ്രദ്ധ നേടുമെന്ന് കരുതിയിരുന്നില്ലെന്നും റോഷന്‍ പറയുന്നു. ‘ആവേശ’ത്തിന് ശേഷം തനിക്ക് ലഭിച്ചിട്ടുള്ളതില്‍ ആളുകള്‍ ഇത്രയധികം ഇഷ്ടപ്പെട്ട കഥാപാത്രമായിരിക്കും ഗ്ലിക്സണ്‍. നിരവധി മെസേജുകളും കോളുകളും വരുന്നുണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ കഥാപാത്രത്തെ കുറിച്ച് നല്ലത് പറയുന്നുണ്ടെന്നും റോഷന്‍ പറഞ്ഞു.

‘ചെയ്യുമ്പോള്‍ ഇത്രയും ചര്‍ച്ചയാകുമെന്ന് വിചാരിച്ചിട്ടില്ല. ഗിരീഷേട്ടന്റെ കൂടെ ഒരു പടം ചെയ്യണമെന്നുണ്ടായിരുന്നു. പുള്ളി അദ്ദേഹത്തിന്റെ ക്രാഫ്റ്റില്‍ വെറുതെ ഒരു കഥാപാത്രത്തെ എഴുതിവെക്കില്ലെന്ന് ഉറപ്പായിരുന്നു. പടം ഹിറ്റാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ഗ്ലിക്സണെ ആളുകള്‍ ഇത്രയും നോട്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു. ഗിരീഷേട്ടന് ചിലപ്പോള്‍ അറിയുമായിരിക്കും,’ റോഷന്‍ പറഞ്ഞു.

Content Highlight: If Glikson had an ‘eight-second’ cut of his memories of Ashley, which scenes would make it in? Roshan answers

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more