ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
ഇന്ന് (ബുധൻ) ധേമാജി ജില്ലയിലെ ഗോഗാമുഖിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്.
‘ഭൂരിപക്ഷ സമുദായത്തെ ന്യൂനപക്ഷമാക്കി മാറ്റുകയും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം,’ മോദി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനായി അസമിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാക്കൾ പരസ്യമായി പറയുകയും അവരെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
വിഭജനകാലത്ത് മുസ്‌ലിം ലീഗ് ചെയ്തതുപോലെ കോൺഗ്രസ് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംബേദ്‌കർ നിർമ്മിച്ച ഇന്ത്യൻ ഭരണഘടനയെ കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ബി.ജെ.പി ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി അസമിലെ ആദിവാസി വിഭാഗത്തിൽ പെട്ടവരുടെ സ്വത്വം സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ അനുഗ്രഹത്താൽ അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഹാട്രിക് നേടുമെന്നും തെരഞ്ഞെടുപ്പ് തോൽവിയുടെ സെഞ്ച്വറി തികയ്ക്കാനായിരിക്കും കോൺഗ്രസിൻ്റെ വിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ നിലവിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരാണ് അധികാരത്തിലിരിക്കുന്നത്.
നിരന്തരമായ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ് ഇത്തവണയും അസമിലെ എൻ.ഡി.എ യുടെ മുഖ്യമന്ത്രി സ്ഥാനാർഥി.
Content Highlight: If Congress comes to power in Assam, it will bring a law to protect infiltrators: Modi