ദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വിചാരണ കോടതിയില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
തനിക്കെതിരെ നടന്നത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പറഞ്ഞ അദ്ദേഹം, ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ.പി തയ്യാറാണോ എന്ന് ചോദിച്ചു.
അത്തരമൊരു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 10 സീറ്റിലധികം നേടിയാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയക്കേസില്‍ കെജ്‌രിവാൾ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ദല്‍ഹിയിലെ റൗസ് അവന്യൂ കോടതി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളുകയും ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.
വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് കെട്ടിപ്പടുത്തതെന്ന കോടതിയുടെ വിമര്‍ശനം എ.എ.പി.ക്ക് വലിയ രാഷ്ട്രീയ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
തങ്ങളെ ജയിലിലടച്ചതിലൂടെ എ.എ.പിയെ തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രമിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു.
കെട്ടിച്ചമച്ച കേസില്‍ തങ്ങളെ കുടുക്കിയതിന് ഇരുവരും രാജ്യത്തോടും ദല്‍ഹിയിലെ ജനങ്ങളോടും പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ അങ്ങേയറ്റം സത്യസന്ധര്‍ ആണെന്ന് കോടതി വിധി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കെജ്‌രിവാളിന്റേത് വെറും രാഷ്ട്രീയ നാടകമാണെന്നും തെളിവുകള്‍ നശിപ്പിച്ചതുകൊണ്ടാണ് സി.ബി.ഐക്ക് തിരിച്ചടി നേരിട്ടതെന്നും ബി.ജെ.പി മറുപടി നല്‍കി. ജനങ്ങള്‍ 2025-ലെ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ തള്ളിക്കളഞ്ഞതാണെന്നും കേസില്‍ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതായും ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
Content Highlight: ‘If BJP wins over 10 seats…’: Kejriwal’s dare to BJP after court relief in excise policy case