| Thursday, 12th February 2026, 8:07 am

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: സുവേന്ദു അധികാരി

നിഷാന. വി.വി

കൊല്‍ക്കത്ത: ബാബരി മസ്ജിദ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി.

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണത്തിന്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനു കീഴില്‍ ബാബറിനെ പോലുള്ള വിദേശ അക്രമകാരികളുടെ പേരുകള്‍ തുടര്‍ന്നും പൊതു ഇടങ്ങളില്‍ കാണുമെന്നും സുവേന്ദു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അത്തരം പേരുകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘ഏപ്രില്‍ വരെ കാത്തിരിക്കൂ, ഞങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപികരിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് കാണാം,’ അദ്ദേഹം പറഞ്ഞു.

ബാബറിനെ വിദേശ അക്രമകാരിയെന്നാണ് സുവേന്ദു അധികാരി വിശേഷിപ്പിച്ചത്.

ബാബര്‍, ഹുമയൂണ്‍, ഔറംഗസീബ്, അക്ബര്‍, ഷാജഹാന്‍ തുടങ്ങിയ മുഗള്‍ ചക്രവര്‍ത്തിമാരാണ് ഇന്ത്യയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.

മുഗള്‍ ചക്രവര്‍ത്തിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങളും സ്ത്രീകളെയും അക്രമിക്കുകയും ചെയ്തുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘ഡാര്‍ജിലിങ് മുതല്‍ ദിഘ വരെയും കൂച്ച് ബീഹാര്‍ മുതല്‍ കാക് ദീപ് വരെയും, എവിടെ പേരുകള്‍ എഴുതിവെച്ചാലും ബി.ജെ.പി സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ആ പേരുകള്‍ അവസാനിപ്പിക്കും,’ സുവേന്ദു പറഞ്ഞു.

മുര്‍ഷിദാബാദില്‍ ബാബരി മസ്ജിദ് നിര്‍മിക്കുമെന്ന മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ബാബരി മസ്ജിദ് പ്രഖ്യപനത്തിലൂടെ ഹുമയൂണ്‍ മുര്‍ഷിദാബാദിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം അടുത്തിടെ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും സുവേന്ദു നേരത്തെ കേന്ദ്ര ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു.

മുര്‍ഷിദാബാദിലെ ബെല്‍ദംഗയില്‍ അടുത്തിടെ നടന്ന അക്രമത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന ആവശ്യം സുവേന്ദു ആവര്‍ത്തിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കലാപകാരികളെ പിന്തുണയ്ക്കുകയും അന്വേഷണം തടയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജാര്‍ഖണ്ഡില്‍ ജോലി ചെയ്തിരുന്ന അലാവുദ്ദീന്‍ ഷെയ്ഖ് എന്ന മുര്‍ഷിദാബാദ് സ്വദേശിയായ കരാര്‍ തൊഴിലാളി ജനുവരി 16 ന് മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ബംഗാളി സംസാരിക്കുന്നതിന്റെ പേരിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിക്കുകയും റെയില്‍വേ ട്രാക്കുകള്‍ തടസപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: If BJP comes to power, it will remove all traces of upper management: Suvendu Adhikari

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more