| Thursday, 16th October 2025, 12:14 pm

വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് സ്‌കൂളിന്റെ അഭിഭാഷകയല്ല; സര്‍ക്കാരിനും മുകളിലാണെന്ന ഭാവം ഉണ്ടെങ്കില്‍ അംഗീകരിക്കില്ല: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശിരോവസ്ത്ര വിവാദത്തിൽ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് സ്‌കൂളിന്റെ അഭിഭാഷകയല്ല സ്കൂളാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാനേജ്‌മെന്റ് ജനാധിപത്യ വിരുദ്ധമായും അഹങ്കാരത്തോടെയും പെരുമാറിയെന്നും സ്‌കൂളിന്റേത് വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിക്കാത്ത നിലപാടാണെന്നും സ്‌കൂള്‍ അഭിഭാഷകയുടെ ഭാഗത്ത് നിന്നുണ്ടായത് അപക്വമായ പരാമര്‍ശമാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനും മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അംഗീകരിക്കില്ലെന്നും വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവാദത്തിൽ നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യും വിഷയത്തെ രാഷ്ട്രീയവത്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

പള്ളുരുത്തി സ്കൂളിന്റെ അഭിഭാഷകയായ വിമല ബിനു പ്രവർത്തിക്കുന്നത് പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരമായും വർഗീയപരമായുമുള്ള വിഭജനം കേരളത്തിലെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ചാൽ സർക്കാർ അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശിരോവസ്ത്രം ധരിച്ചെത്തിയ ഒരു വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിച്ചില്ല എന്നൊരു പരാതി ലഭിച്ചെന്നും ഒരു പരാതി ലഭിച്ചാൽ അന്വേഷണം നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുക എന്നത് സർക്കാറിന്റെ ഉത്തരവാദിത്വമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുകയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭരണഘടനാ തത്വങ്ങളും, ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും, വിദ്യാഭ്യാസ അവകാശ നിയമവും, കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

സർക്കാർ നടത്തിയത് തികച്ചും സ്വാഭാവികവും നിയമപരവുമായ ഒരു നടപടിക്രമം മാത്രമാണെന്നും ഓരോ വിദ്യാലയവും പ്രവർത്തിക്കേണ്ടത് നാടിൻറെ നിയമങ്ങൾക്കനുസരിച്ചാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിന് വിരുദ്ധമായ നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊതുവിദ്യാഭ്യാസ വകുപ്പിന് ഇടപെടാൻ പൂർണ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും. വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണെന്നും അതിനെ കക്ഷിരാഷ്ട്രീയ വേദിയാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണെന്നും അതിനെ കക്ഷിരാഷ്ട്രീയ വേദിയാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlight: If asked for an explanation, it is not the school’s lawyer who should answer V. Sivankutty

We use cookies to give you the best possible experience. Learn more