| Saturday, 8th February 2025, 11:52 am

എ.എ.പിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നു: ശിവസേന (യു.ബി.ടി)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ആദ്യ ഫല സൂചനകള്‍ മൂര്‍ച്ചയുള്ള മത്സരത്തെയാണ് സൂചിപ്പിക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ച് നിന്നിരുന്നെങ്കില്‍ തുടക്കത്തില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘എ.എ.പിയുടെ കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ എതിരാളി ബി.ജെ.പിയാണ്. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ ഇരുവരും പോരാടി. എന്നാല്‍ അവര്‍ ഒറ്റക്കാണ് പോരാടിയത്. അവര്‍ ഒരുമിച്ചാണ് പോരാടിയിരുന്നതെങ്കില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാമായിരുന്നു,’ സഞ്ജയ് റാവത്ത് പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ രണ്ട് പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും എ.എ.പിയും ദല്‍ഹിയില്‍ പരസ്പരം മത്സരിക്കുന്നതിനെ തുടക്കം മുതല്‍ എതിര്‍ത്ത പാര്‍ട്ടിയാണ് ഉദ്ധവ് താക്കറെയുടെ ശിവസേന. ഒരു ഘട്ടത്തില്‍ സഖ്യം പിരിച്ചുവിടുന്നതാണ് നല്ലത് എന്ന് വരെ ശിവസേനയുടെ ഭാഗത്ത് നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ ദല്‍ഹിയിലെ പ്രചാരണത്തില്‍ നിന്ന് യു.ബി.ടി. വിട്ടുനിന്നിരുന്നു.

അതേ സമയം ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് ബി.ജെ.പി ദല്‍ഹിയില്‍ അധികാരത്തിലേക്കെത്തുന്നത്. കെജ്‌രിവാള്‍ ഉള്‍പ്പടെ എ.എ.പിയുടെ മുന്‍ നിരനേതാക്കളെല്ലാം ശക്തമായ തിരിച്ചടി നേരിടുന്ന കാഴ്ചയും ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് ടേമുകളിലും എ.എ.പിയാണ് ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 2020 ആകെയുള്ള 70 സീറ്റില്‍ 62 സീറ്റ് നേടിയാണ് എ.എ.പി. ദല്‍ഹിയില്‍ ഭരണത്തിലെത്തിയത്.

ദല്‍ഹിയില്‍ ബി.ജെ.പിയെ മുന്നേറ്റത്തിന് സഹായിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയും എ.എ.പി. രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത പല സീറ്റുകളിലും ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ദല്‍ഹി മുഖ്യമന്ത്രി അതിഷി മത്സരിച്ച കല്‍ക്കാജിയില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയെ ലീഡുയര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്.

content highlights: If AAP and Congress had contested together, BJP would not have won: Shiv Sena (UBT)

We use cookies to give you the best possible experience. Learn more