ന്യൂയോർക്ക്: മുസ്‌ലീങ്ങളെ ഇന്ത്യയിൽ നിന്നും പുറത്താക്കണം എന്ന് ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ ഹിന്ദുവല്ല എന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായി അമേരിക്കയിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി ഫെയ്ത്ത് ലീഡേഴ്‌സ് സമ്മിറ്റിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് വേറെവിടെയും സംരക്ഷണം ലഭിക്കാത്തവർക്ക് സുരക്ഷ ഒരുക്കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളും ഇന്ത്യയിൽ ഒത്തൊരുമയോടെ കഴിയുന്നു എന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങൾക്കിടയിലും ലോക മാനവികത ഒന്നാണെന്ന് ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ആർ.എസ്.എസിന്റെ കടമയാണെന്ന് എന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു ഹിന്ദു സംഘടന എന്ന നിലയിൽ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്ന നിങ്ങൾ മുസ്‌ലിങ്ങളെ പുറത്താക്കുമോ’ എന്ന് ചില മുസ്‌ലിം സഹോദരങ്ങൾ തന്നോട് ചോദിച്ചിരുന്നതായി മോഹൻ ഭാഗവത് പറഞ്ഞു. എന്നാൽ അതിനുള്ള മറുപടി ‘ഒരിക്കലുമില്ല’ എന്നതാണെന്നും, അത് ഹിന്ദുത്വമല്ലെന്നുമാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാനും എന്റേതും’ എന്ന ചിന്താഗതി പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും, ‘ഞങ്ങളും നമ്മുടേതും’ എന്ന മനോഭാവമാണ് യഥാർത്ഥ പരിഹാരമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
‘യുദ്ധങ്ങൾ അവസാനിപ്പിക്കണം. അതിനായി രാഷ്ട്രീയപരമായി സ്വാധീനം ചെലുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു . എന്നാൽ അതിൽ നിന്നല്ല ഞങ്ങൾ തുടക്കം കുറിക്കുന്നത്. ‘രാഷ്ട്രീയം ഇപ്പോൾ സ്വാർത്ഥതയുടെ ഒരു കളിയായി മാറിയിരിക്കുന്നു. ‘ഞാനും എന്റേതും’ എന്ന് ചിന്തിക്കുന്നിടത്ത് ഒരു പരിഹാരവുമില്ല. ഞങ്ങളും നമ്മുടേതും എന്ന ചിന്തയാണ് അതിനുള്ള പരിഹാരം.’ ഭാഗവത് പറഞ്ഞു.
ആർ.എസ്.എസ് നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ യാതൊരുവിധ വിവേചനവുമില്ലെന്ന് പറഞ്ഞ അദ്ദേഹം, സഹായം ആവശ്യമുള്ള എല്ലാവരെയും തുല്യമായാണ് തങ്ങൾ കാണുന്നത് എന്നും കൂട്ടിച്ചേർത്തു.1996-ൽ ഹരിയാനയിൽ സൗദി, കസാക്കിസ്ഥാൻ വിമാനങ്ങൾ കൂട്ടിയിടിച്ച അപകടം ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു. ‘അപകട സ്ഥലത്ത് ആദ്യം ഓടിയെത്തി ജീവൻ രക്ഷിക്കാനും മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടത്താനും ആർ.എസ്.എസ് പ്രവർത്തകർ മുന്നിലുണ്ടായിരുന്നു. അവർ മുസ്‌ലീങ്ങളാണെന്ന് ഞങ്ങൾ ചിന്തിച്ചില്ല. രാഷ്ട്രീയനേട്ടത്തിനു വേണ്ടി ആയിരുന്നെങ്കിൽ ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.
പ്രശസ്തിക്ക് വേണ്ടിയല്ല ആർ.എസ്.എസ് ഇതൊക്കെ ചെയ്യുന്നത്. ‘തെറ്റായ പ്രചാരണങ്ങൾ കൊണ്ടാണ് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നത് എന്നും, എന്നാൽ തങ്ങളെ നേരിട്ട് അറിഞ്ഞാൽ ആ തെറ്റിദ്ധാരണകൾ മാറുമെന്നും ഭഗവത് കൂട്ടിച്ചേർത്തു.
‘ജനാധിപത്യത്തിൽ രാഷ്ട്രീയം നിൽക്കുന്നത് ജനങ്ങളുടെ അഭിപ്രായത്തിലാണ്. ജനങ്ങൾക്ക് ഒരു കാര്യം അത്യാവശ്യം ആണെങ്കിൽ, അതിനെതിരെ പോകാൻ ഒരു രാഷ്ട്രീയക്കാരനും ധൈര്യപ്പെടില്ല എന്നും ഭാഗവത് പ്രസംഗത്തിൽ പറഞ്ഞു.
എല്ലാ മതങ്ങളിലെയും ഒന്നിച്ചു കൊണ്ടുപോകുന്നതും അവരുടെ ഐക്യം ഉറപ്പാക്കേണ്ടതും മതനേതാക്കളുടെ ഉത്തരവാദിത്വമാണെന്ന് ഭാഗവത് പറഞ്ഞു. ‘ഇതൊരു വലിയ ജോലിയാണ്, സമയം എടുക്കും,’ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും തന്നോട് വന്ന് ‘ഞങ്ങൾ ഏഴു തവണ സംസാരിച്ചിട്ടും ഒന്നും ഉണ്ടായില്ല’ എന്ന് പറയാറുണ്ട്. ‘ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കൂ, എന്തെങ്കിലും മാറ്റം വരു’ എന്നാണ് താൻ അവർക്ക് നൽകുന്ന മറുപടിയെന്ന് ഭാഗവത് കൂട്ടിച്ചേർത്തു.
അതേസമയം, ആർ.എസ്.എസിന്റെ ആശയങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിന് എതിരാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി വിമർശിച്ചു. മോഹൻ ഭാഗവതിന്റെ പരിപാടിയെ താൻ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ അതൊരു സ്വകാര്യ പരിപാടിയായതിനാൽ റദ്ദാക്കാൻ നഗരസഭയ്ക്ക് അധികാരമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: If a person thinks that Muslims should be ousted from India, then he is not a Hindu: Mohan Bhagwat