| Wednesday, 25th June 2025, 2:16 pm

മന്ത്രി വിളിച്ചാല്‍ ഫോണെടുക്കാന്‍ തയ്യാറാകാത്തയാള്‍ ആര്‍.എസ്.എസ് നേതാക്കളെ അങ്ങോട്ടുപോയി കാണും; അജിത് കുമാറിനെ ഡി.ജി.പിയാക്കുന്നതിന് കുട പിടിക്കില്ല: സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.ആര്‍ അജിത് കുമാറിനെ ഡി.ജി.പിയാക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമൂഹത്തില്‍ പലവിധ കാരണങ്ങളാല്‍ ആരോപണ വിധേയനായ ആള്‍ പൊലീസ് തലപ്പത്ത് വരില്ലെന്നും ആ മഴ പെയ്യില്ലെന്നും മഴ പെയ്യും മുമ്പ് കുട പിടിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു മന്ത്രി ഒരു വട്ടം അല്ല പലവട്ടം ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ തയ്യാറാകാത്ത ഒരാള്‍ ആര്‍.എസ്.എസ് നേതാക്കളെ ഒരു വട്ടം അല്ല പലവട്ടം കാണാന്‍ പോകുന്നയാള്‍, എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ പലപ്പോഴും ആരോപണ വിധേയനായ ആള്‍ കേരളത്തിലെ പൊലീസ് തലപ്പത്തെത്താന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ആര്‍.എസ്.എസ് നേതാക്കളെ അങ്ങോട്ട് പോയി കണ്ടൊരാള്‍ പൊലീസ് തലപ്പത്ത് വരുമെന്ന് നിങ്ങളൊക്കെ പറയുന്നുവെന്നും  എന്നാല്‍ താന്‍ അങ്ങനെ പറയില്ലെന്നും അതിന് സാധ്യത കുറവാണെന്നും ആ മഴയ്ക്ക് താന്‍ കുട പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയുള്ളൊരാള്‍ ഡി.ജി.പി ആവാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രിക്കും മുന്നണിക്കും ഇക്കാര്യത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെയുള്ള ഗവര്‍ണ്‍മെന്റ് ഒരു ഇടതുപക്ഷ ഗവണ്‍മെന്റാണെന്നും ഈ ഗവണ്‍മെന്റിന് തീര്‍ച്ചയായും ഗൗരവമുള്ള കാര്യങ്ങളെ അങ്ങനെ കാണാന്‍ കെല്‍പ്പുണ്ടെന്നും നയിക്കുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിച്ച അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം തന്നെ സി.പി.ഐ ഉണ്ടാവുമെന്നും മോദി സ്തുതി പാടുന്ന നേതാക്കളെ പിടിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: If a minister calls, the person who is not ready to answer the phone will go and meet RSS leaders; Ajit Kumar will not be allowed to be made DGP: CPI

We use cookies to give you the best possible experience. Learn more