| Wednesday, 28th October 2026, 8:27 am

ക്രിക്കറ്റിലെ ബാലണ്‍ ഡി ഓറെങ്കില്‍ ആരാകും ജേതാവ്? സഞ്ജുവടക്കമുള്ള ടോപ്പ് ഫൈവ്

ആദർശ് എം.കെ.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ഇതിഹാസ താരം ഹാരി കെയ്ന്‍ തന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനലിലേക്ക് നയിച്ച പ്രകടനവും ക്ലബ്ബ് തലത്തില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം നേടിയ കിരീടങ്ങളുമാണ് കെയ്‌നിനെ ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളത്തിലേക്കെത്തിച്ചത്.

ക്ലബ്ബിനും രാജ്യത്തിനുമായി 65 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകള്‍ നേടിയ കെയ്ന്‍, കിലിയന്‍ എംബാപ്പെ, ലാമിന്‍ യമാല്‍ എന്നിവരെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. 2001ല്‍ മൈക്കല്‍ ഓവന് ശേഷം ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായും ഇതോടെ കെയ്ന്‍ മാറി.

കെയ്‌നിന്റെ ടീമായ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ പി.എസ്.ജിയോട് തോല്‍ക്കുകയും, ഇംഗ്ലണ്ട് ലോകകപ്പില്‍ അര്‍ജന്റീനയോട് തോറ്റ് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നെങ്കിലും, ടീം കിരീടങ്ങളേക്കാള്‍ വ്യക്തിഗത പ്രകടന മികവിനാണ് വോട്ടെടുപ്പില്‍ മുന്‍ഗണന നല്‍കിയത്.

ക്രിക്കറ്റില്‍ ഇത്തരമൊരു പുരസ്‌കാരം നിലവിലില്ലെങ്കിലും, 2025-26 സീസണിലെ പ്രകടനങ്ങള്‍ അടിസ്ഥാനമാക്കി ക്രിക്കറ്റില്‍ ഒരു ‘ഹൈപ്പോത്തെറ്റിക്കല്‍’ ബാലണ്‍ ഡി ഓര്‍ നല്‍കിയാല്‍ എങ്ങനെയുണ്ടാകും? പ്രമുഖ കായികമാധ്യമമായ സ്‌പോര്‍ട്‌സ്‌കീഡയുടേതാണ് ഈ തെരഞ്ഞെടുപ്പ്. ഈ ലിസ്റ്റിലെ ടോപ്പ് ഫൈവ് താരങ്ങളെ പരിശോധിക്കാം.

1. സഞ്ജു സാംസണ്‍ (ഇന്ത്യ)

2026 ടി-20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരമാണ് ‘ക്രിക്കറ്റിലെ ബാലണ്‍ ഡി ഓറില്‍’ സഞ്ജുവിനെ ഫേവറിറ്റാക്കുന്നത്. ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 24 സിക്‌സറുകള്‍ ഉള്‍പ്പെടെ 321 റണ്‍സാണ് താരം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും സഞ്ജുവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയാത്.

Photo: BCCI/x.com

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന 31കാരനായ സഞ്ജു, വെസ്റ്റ് ഇന്‍ഡീസിനെതിരെ (50 പന്തില്‍ 97*), ഇംഗ്ലണ്ടിനെതിരെ (42 പന്തില്‍ 89) എന്നിങ്ങനെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ നേടി. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സ് നേടി ഇന്ത്യയെ 96 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചു.

പുരുഷ ടി-20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കൂടാതെ, ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡും സഞ്ജു മറികടന്നു.

2. ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയ 4-1 ന് വിജയിച്ച 2025-26 ആഷസ് പരമ്പരയിലെ പ്രകടനമാണ് ഹെഡ്ഡിന്റെ പ്രധാന നേട്ടം. പരമ്പരയിലെ പത്ത് ഇന്നിങ്‌സുകളില്‍ നിന്നായി 62.90 ശരാശരിയില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ നേടിയത് 629 റണ്‍സ്.

Photo: Cricket.com.au/x.com

പെര്‍ത്ത് (83 പന്തില്‍ 123), അഡ്‌ലെയ്ഡ് (219 പന്തില്‍ 170), സിഡ്നി (166 പന്തില്‍ 163) ടെസ്റ്റുകളിലായിരുന്നു ഹെഡിന്റെ സെഞ്ച്വറികള്‍. ഒന്നാം ടെസ്റ്റിലും അഞ്ചാം ടെസ്റ്റിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. ഒറ്റ ആഷസ് പരമ്പരയില്‍ 600ലധികം റണ്‍സ് നേടുകയും 75ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തുകയും ചെയ്ത ഏക ബാറ്ററായും ഹെഡ് ചരിത്രമെഴുതിയിരുന്നു.

3. ജസ്പ്രീത് ബുംറ (ഇന്ത്യ)

2026 ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിലൂടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലെ കളിയിലെ താരവുമായാണ് ബുംറ ടോപ്പ് ഫൈവില്‍ ഇടം നേടിയത്. ലോകകപ്പില്‍ 6.21 എക്കോണമി റേറ്റില്‍ 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

Photo: BCCI/x.com

അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ 15 റണ്‍സ് വഴങ്ങി 4 വിക്കറ്റ് (4/15) വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. ഒരു ടി-20 ലോകകപ്പ് ഫൈനലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. സഞ്ജുവിനൊപ്പം ഐ.സി.സിയുടെ ‘ടീം ഓഫ് ദി ടൂര്‍ണമെന്റില്‍’ ഇടംനേടിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബുംറ.

4. മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ)

2025-26 ആഷസ് പരമ്പരയിലെ ‘പ്ലെയര്‍ ഓഫ് ദി സീരീസ്’ പുരസ്‌കാരമാണ് ഓസ്‌ട്രേലിയന്‍ സ്പീഡ്സ്റ്ററിനെ ഫേവറിറ്റാക്കുന്നത്. 29.34 സ്‌ട്രൈക്ക് റേറ്റില്‍ 31 വിക്കറ്റുകള്‍ നേടി പരമ്പരയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി.

Photo: Cricket.com.au/x.com

നാലോ അതിലധികമോ മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ റേറ്റ് (4.07) കുറിക്കപ്പെട്ട പരമ്പരയിലായിരുന്നു സ്റ്റാര്‍ക്കിന്റെ ഈ ബോളിങ് നേട്ടം എന്നതും ശ്രദ്ധേയമാണ്.

5. ജോ റൂട്ട് (ഇംഗ്ലണ്ട്)

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്ററായതാണ് റൂട്ടിനെ ലിസ്റ്റിന്റെ ഭാഗമാക്കിയത്. 44.44 ശരാശരിയില്‍ രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 400 റണ്‍സാണ് താരം നേടിയത് ഉയര്‍ന്ന സ്‌കോര്‍ 160.

Photo: ECB/x.com

ബ്രിസ്‌ബെയ്ന്‍, സിഡ്നി ടെസ്റ്റുകളിലായിരുന്നു റൂട്ടിന്റെ സെഞ്ച്വറികള്‍. എന്നാല്‍ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയിരുന്നു. നിലവില്‍ ഐ.സി.സി പുരുഷ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ 816 റേറ്റിങ്ങോടെ മൂന്നാം സ്ഥാനത്താണ് ജോ റൂട്ട്.

Content Highlight: If a Ballon d’Or were to be awarded in cricket, who would make up the top 5? A hypothetical observation.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more