| Monday, 1st July 2019, 10:14 am

കസ്റ്റഡി മരണം: ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച്; കൃത്യസമയത്ത് ചികിത്സ നല്‍കിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കസ്റ്റഡിയിലിരിക്കെ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പീരുമേട് സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച്. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതിപക്ഷം നേരത്തെ എസ്.പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. തെളിവുകള്‍കൂടി ലഭിച്ച സാഹചര്യത്തില്‍ എസ്.പിക്കെതിരെ നടപടിയെടുത്തേക്കും.

കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പീരുമേട് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളുംപുറത്ത് വന്നിരുന്നു.

അതേസമയം, രാജ്കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് എടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ഉരുട്ടലിനു വിധേയനായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയയാണു മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദ്ദനം ന്യുമോണിയയിലേക്കു നയിക്കുമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more