| Wednesday, 5th November 2025, 1:33 pm

പാസത്തില്‍ അരച്ചുണ്ടാക്കിയ ഇഡലി, അഞ്ച് ദിവസമായിട്ടും കണ്ടുതീര്‍ക്കാനാകുന്നില്ല, ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി ഇഡലി കടൈ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമായ ഇഡലി കടൈ കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററില്‍ ശരാശരി വിജയം മാത്രം നേടിയ ചിത്രത്തിന് ഒ.ടി.ടിയില്‍ ട്രോള്‍ പെരുമഴയാണ് ലഭിക്കുന്നത്. 2025ലും ഔട്ട്‌ഡേറ്റഡായ കഥ കൊണ്ട് വന്നതിനാലാണ് ധനുഷിനെ പലരും ട്രോളുന്നത്.

എത്ര തന്നെ ഉയരത്തിലെത്തിയാലും സമ്പാദിച്ചാലും ഗ്രാമങ്ങളുടെ സ്‌നേഹം അവയ്ക്ക് നല്കാനാകില്ലെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്. തമിഴ് സിനിമയില്‍ കാലങ്ങളായി പ്രേക്ഷകരെ കണക്ടാക്കാന്‍ ഉപയോഗിക്കുന്ന പാസം എലമെന്റ് ആവശ്യത്തിലധികം ഉപയോഗിച്ചതും ഇഡലി കടൈക്ക് തിരിച്ചടിയായി മാറി. എന്നാല്‍ അതിനെക്കാള്‍ ട്രോളുകളേറ്റുവാങ്ങുന്നത് ധനുഷിന്റെ അച്ഛനായി വേഷമിട്ട രാജ് കിരണാണ്.

ഗ്രാമത്തില്‍ ഇഡലി കട നടത്തുന്ന ശിവനേശനെയാണ് രാജ് കിരണ്‍ അവതരിപ്പിച്ചത്. ആട്ടുകല്ലില്‍ മാവാട്ടി, അമ്മിക്കല്ലില്‍ ചമ്മന്തിയരച്ച് മാത്രം നാട്ടുകാര്‍ക്ക് വിളമ്പുന്ന ശിവനേശന്‍ പരമ്പരാഗത രീതിയിലൂടെ മാത്രം ഭക്ഷണമുണ്ടാക്കുന്നയാളാണ്. നഗരത്തില്‍ പോയി കാറ്ററിങ് പഠിച്ചുവന്ന മകന്‍ ഇഡലി കടൈയിലേക്ക് ഗ്രൈന്‍ഡര്‍ വാങ്ങുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ശിവനേശന്‍ പറയുന്നുത്. ‘ഗ്രൈന്‍ഡറിലരക്കുമ്പോള്‍ കൈ കൊണ്ടരക്കുമ്പോള്‍ കിട്ടുന്ന പാകം കിട്ടില്ല’ എന്നാണ് ശിവനേശന്റെ ന്യായം.

ഇഡലി കടൈക്ക് വേറെ ഫ്രാഞ്ചൈസി തുടങ്ങാമെന്നും ഏഴെട്ട് ജോലിക്കാരെക്കൊണ്ട് ഇഡലി ഉണ്ടാക്കിക്കാമെന്നും മകന്‍ പറയുന്നുണ്ട്. ‘എന്റെ പേരില്‍ കട തുടങ്ങി അവിടെ വേറൊരാള്‍ പാചകം ചെയ്യുന്നത് ആളുകളെ പറ്റിക്കുന്നതുപോലെയാണ്’ എന്ന് പറഞ്ഞ് ശിവനേശന്‍ ആ ഐഡിയക്കും മുടക്ക് പറയുന്നു. ഈ രണ്ട് സീനിനെയും ട്രോളന്മാര്‍ കീറി മുറിക്കുന്നുണ്ട്.

നാട്ടില്‍ നിന്നാല്‍ ഗതി പിടിക്കില്ലെന്ന് മനസിലാക്കി സിംഗപ്പൂരിലെ വലിയൊരു റെസ്റ്റോറന്റില്‍ മുരുകന്‍ പണിക്ക് കയറുന്നതും സിനിമയില്‍ കാണാനാകും. ലോകമെമ്പാടും പരന്നുകിടക്കുന്ന റെസ്റ്റോറന്റ് ചെയിനിന് AFC എന്ന് പേരിട്ടിരിക്കുന്നതും ട്രോളിന് ഇരയായി. കേരളത്തിലെ പഞ്ചായത്തില്‍ തുടങ്ങുന്ന ഫ്രൈഡ് ചിക്കന്‍ കടകള്‍ക്ക് കൊടുക്കുന്ന പേര് ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റിന് നല്കിയ ധനുഷിന്റെ ക്രിയേറ്റിവിറ്റി അപാരമാണെന്നാണ് പലരുടെയും സര്‍ക്കാസം.

അച്ഛന്‍ മരിച്ചതറിഞ്ഞ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ജോലിയും മുതലാളിയുടെ മകളുമായുള്ള കല്യാണവും വേണ്ടെന്ന് വെച്ച് ഗ്രാമത്തിലെ ഇഡലി കട നടത്താന്‍ മുരുകന്‍ എത്തുന്നതും പിന്നീട് അയാള്‍ അച്ഛന്റെ പാതയിലേക്ക് പോകുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥ. ഇത്രയും പാസമുള്ള സിനിമ കണ്ടുതീര്‍ക്കാന്‍ അഞ്ച് ദിവസമെടുത്തെന്നാണ് പലരും ട്രോളുന്നത്.

പ്രേക്ഷകരിലേക്ക് കഥാപാത്രങ്ങളെ കണക്ടാക്കാന്‍ പാസം എന്ന എലമെന്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ എല്ലാത്തിനും ഒരു അളവ് വേണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. നടന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച ധനുഷ് മികച്ച സംവിധായകനാണെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് റൈറ്റിങ്ങില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നുമാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

Content Highlight: Idli Kadai getting trolls after OTT release

We use cookies to give you the best possible experience. Learn more