| Wednesday, 29th July 2026, 7:16 pm

വിഡ്ഢികള്‍ സ്വയം ദൈവമെന്ന് കരുതുന്നു, അന്ധഭക്തര്‍ വിഡ്ഢികളെ പിന്തുടരുന്നു; രാഹുലിന്റെ പ്രസംഗത്തില്‍ ബഹളം വെച്ച് ബി.ജെ.പി

റെന്വര്‍ പി

ന്യൂദല്‍ഹി: ലോക്‌സഭയില്‍ ഭരണ പക്ഷ അംഗങ്ങളെ ചൊടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. വിദ്യാര്‍ത്ഥികള്‍, വിഡ്ഢികള്‍ എന്നിങ്ങനെ വ്യത്യസ്ത തരം മനുഷ്യരുണ്ടെന്നെന്ന് പറഞ്ഞ 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഉദ്ധരിച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് ലോക്‌സഭയിലെ ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്.

വിഡ്ഢികള്‍ എന്ന വിഭാഗത്തെക്കുറിച്ച് രാഹുല്‍ വിവരിക്കുന്ന സമയത്തെല്ലാം ബി.ജെ.പി അംഗങ്ങള്‍ ബഹളം വെച്ചതായി സഭാ സമ്മേളനത്തിന്റെ വീഡിയോയില്‍ കാണാം. ബി.ജെ.പി എന്നോ കേന്ദ്ര സര്‍ക്കാര്‍ എന്നോ ഉള്ള വാക്കുകളൊന്നും രാഹുല്‍ തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടില്ല. ബി.ജെ.പിയുടെ ഏതെങ്കിലും നേതാക്കളെ കുറിച്ചോ പ്രവര്‍ത്തകരെ കുറിച്ചോ രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുമില്ല.

രാജ്യത്തെ യുവ തലമുറയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. തന്നോട് ഒരു പെണ്‍കുട്ടി മുന്നോട്ട് വച്ച കാഴ്ചപ്പാടാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെയും വിഡ്ഢികളെയും കുറിച്ച് അദ്ദേഹം സംസാരിക്കാനും ആരംഭിച്ചു.

വിദ്യാര്‍ത്ഥിയാകുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചപ്പോല്‍ ആ പെണ്‍കുട്ടി നല്‍കിയ മറുപടിയാണ് രാഹുല്‍ ആദ്യം പങ്കുവച്ചത്.

‘വിദ്യാര്‍ത്ഥി എന്നത് തുറന്ന മനസ്സും തുറന്ന ഹൃദയവുമുള്ള ഒരാളാണ്. തനിക്ക് എല്ലാം അറിയില്ലെന്ന് ആദ്യം തന്നെ അംഗീകരിക്കുന്ന ആളാണ് വിദ്യാര്‍ത്ഥി. ഇന്ന് തനിക്ക് അറിയാവുന്ന അറിവിനെ നാളെ പുതിയ അറിവ് മറികടക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ പ്രപഞ്ചം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ അറിവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു,’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടിയെന്ന് രാഹുല്‍ പറഞ്ഞു.

‘വിദ്യാര്‍ത്ഥിക്ക് താനാണ് സമ്പൂര്‍ണ സത്യം അറിയുന്നതെന്ന് ഒരിക്കലും തോന്നില്ല. മറ്റെല്ലാ മനുഷ്യരുടെയും സത്യത്തെ അവര്‍ ബഹുമാനിക്കും. ഗാന്ധിജി തന്റെ ആത്മകഥയില്‍ പറഞ്ഞതുപോലെ, ‘എന്റെ സത്യം’ എന്നത് എന്റെ കാഴ്ചപ്പാടാണ്, നിങ്ങളുടെ സത്യം വ്യത്യസ്തമായിരിക്കാം,’ എന്നും പെണ്‍കുട്ടിയെ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മറ്റൊരു വിഭാഗത്തെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടി നല്‍കിയ മറുപടിയും രാഹുല്‍ സഭയില്‍ പങ്കുവച്ചു.

‘തനിക്ക് എല്ലാം അറിയാമെന്ന് കണ്ണടച്ച് വിശ്വസിക്കുന്നവരാണ് അടുത്ത വിഭാഗം. അവര്‍ കരുതുന്നത് പ്രപഞ്ചം നിശ്ചലമാണെന്നാണ്. അവര്‍ കരുതുന്നു അവര്‍ ദൈവമാണെന്ന്. തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്ന് അവര്‍ കരുതുന്നു.

അവര്‍ ധാര്‍ഷ്ഠ്യക്കാരാണ്. അവര്‍ മറ്റുള്ളവരെ കേള്‍ക്കില്ല. അവര്‍ മറ്റുള്ളവരെ അഭിപ്രായങ്ങളെ അംഗീകരിക്കില്ല,’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടിയെന്ന് രാഹുല്‍ പറഞ്ഞു.

അവര്‍ ആരാണെന്ന് താന്‍ ചോദിച്ചപ്പോള്‍ ‘അവരെ താന്‍ വിഡ്ഢികളെന്നാണ് വിളിക്കാറ്’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടിയെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഇത്രയും പറഞ്ഞപ്പോഴേക്കും സഭയിലെ ഭരണപക്ഷ അംഗങ്ങല്‍ ബഹളം വെക്കാന്‍ ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ എല്ലാ വിഭാഗം മനുഷ്യര്‍ക്കിടയിലുമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞുവെന്ന് ബഹളത്തിന് ശേഷം രാഹുല്‍ സഭയില്‍ പറഞ്ഞു. ‘അഭിഭാഷകര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും തൊഴില്‍ രഹിതര്‍ക്കിടയിലും വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ പ്രപഞ്ചത്തില്‍ തനിക്ക് പുറത്തുള്ളവരെയും ബഹുമാനിക്കുന്നു,’ എന്നും പെണ്‍കുട്ടിയെ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു.

‘വിഡ്ഢികള്‍ ആര് പറയുന്നതും കേള്‍ക്കാന്‍ തയ്യാറാവില്ല’ എന്നും പെണ്‍കുട്ടിയെ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെ രാഹുല്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ തയ്യാറാവാതെ സഭയിലെ ഭരണ പക്ഷ അംഗങ്ങള്‍ വീണ്ടും ബഹളം വെക്കാന്‍ ആരംഭിച്ചു.

‘ഞാന്‍ നിങ്ങളെ കുറിച്ചല്ല പറയുന്നത്’ എന്ന് ബഹളത്തിനിടയില്‍ രാഹുല്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നിട്ടും ഭരണ പക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. മിനുറ്റുകളോളം നീണ്ട ബഹളത്തിന് ശേഷം രാഹുല്‍ തന്റെ പ്രസംഗം പുനരാരംഭിക്കുകയും ചെയ്തു.

‘വിദ്യാര്‍ത്ഥികളും വിഡ്ഢികളും അല്ലാത്ത മൂന്നാമത്തെ വിഭാഗം ആരാണെന്ന് താന്‍ പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ അന്ധഭക്തര്‍ എന്നാണ് മറുപടി ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍, വിഡ്ഢികള്‍ അന്ധ ഭക്തര്‍ എന്നീ മൂന്ന് വിഭാഗം ആളുകളുണ്ട്. ഇതില്‍ അന്ധഭക്തര്‍ വിഡ്ഢികളെ പിന്തുടരുന്നവരാണ്,’രാഹുല്‍ പറഞ്ഞു. രാഹുല്‍ ഇക്കാര്യം പറഞ്ഞപ്പോഴും ഭരണപക്ഷ അംഗങ്ങള്‍ വീണ്ടും ബഹളം വെച്ചു.

Content Highlight: ‘Idiot, andhbhakt’:  Rahul Gandhi Speech at Parliament

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more