| Monday, 23rd November 2026, 5:47 pm

ഇറാനെ ഇസ്രഈല്‍ ആക്രമിച്ചാല്‍ പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷത്തിന് കാരണമാവുമെന്ന് ഐ.ഡി.എഫ് മിലിട്ടറി ഇന്റലിജന്‍സ് മുന്നറിയിപ്പ്

റെന്വര്‍ പി

ടെഹ്‌റാന്‍: ഇറാനെതിരെ ഇസ്രഈല്‍ ആക്രമണം നടത്തിയാല്‍ അത് പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയൊരു സംഘര്‍ഷത്തിന് വഴിവെച്ചേക്കാമെന്ന് ഇസ്രഈല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സിന് കീഴിലുള്ള (ഐ.ഡി.എഫ്) മിലിട്ടറി ഇന്റലിജന്‍സ് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍, സിറിയ, ഗസ എന്നിവ കൂടി ഉള്‍പ്പെടുന്ന തരത്തിലാവും ഈ യുദ്ധമെന്ന് ഐ.ഡി.എഫ് പറയുന്നു.

ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് ഐ.ഡി.എഫ് മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

നെതന്യാഹുവും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരും പങ്കെടുത്ത അടച്ചിട്ട മുറിയിലെ യോഗത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെതിരെ സ്വീകരിക്കാവുന്ന സൈനിക നടപടികളെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായേലില്‍ ശക്തമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെയായിരുന്നു അടച്ചിട്ട മുറിയില്‍ നെതന്യാഹുവും സൈനികോദ്യോഗസ്ഥരും യോഗം ചേര്‍ന്നത്.

ഇറാനെതിരായ സൈനിക നീക്കം മൂന്നു മുതല്‍ അഞ്ച് ദിവസം വരെ മാത്രമേ നീണ്ടുനില്‍ക്കൂ എന്നാണ് നെതന്യാഹുവും മൊസാദ് മേധാവി റോമന്‍ ഗോഫ്മാനും പ്രതീക്ഷിക്കുന്നതെന്ന് പറയപ്പെടുന്നു. മിലിട്ടറി ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍ ഇതിന് വിരുദ്ധമാണ്.

നിലവില്‍ ഇസ്രഈല്‍ നടത്തുന്ന ഏത് ആക്രമണവും ന്യായീകരിക്കാനാവാത്തതും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതവും ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് അവിഗ്‌ദോര്‍ ലിബര്‍മാന്‍ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. യു.എസിന്റെ പങ്കാളിത്തമോ അനുമതിയോ ഇല്ലാതെ, ഏകപക്ഷീയമായി ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ആലോചിക്കുന്നുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനാലാണ് അവിഗ്‌ദോര്‍ ലിബര്‍മാന്‍ മുന്നറിയിപ്പിന് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇറാനെതിരെ യുദ്ധം ചെയ്യുന്നതിനായി നെതന്യാഹു ട്രംപിനെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഹആരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ് സംയുക്ത ആക്രമണത്തിന് തയ്യാറല്ലെങ്കില്‍, ഇസ്രഈല്‍ ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കാനും നെതന്യാഹു ഒരുക്കമാണ്. എന്നാല്‍ ഇതിനും ട്രംപിന്റെ അനുമതി ആവശ്യമാണ്. നെതന്യാഹുവിന്റെ ലക്ഷ്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ തങ്ങളുടെ ആണവ, മിസൈല്‍ പദ്ധതികള്‍ വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിലും, സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ ഭൂമിക്കടിയിലേക്ക് മാറ്റി ആക്രമണങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന പുതിയ താവളങ്ങള്‍ ഒരുക്കുന്നതിലും ഇസ്രഈലിന് വലിയ ആശങ്കയുണ്ട്. ഈ വിവരങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കാനായി മൊസാദ് ഡയറക്ടര്‍ റോമന്‍ ഗോഫ്മാനെ അടുത്തിടെ വാഷിംഗ്ടണിലേക്ക് അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Content Highlight: IDF intelligence said to warn Netanyahu a unilateral Israeli attack on Iran could spark multifront war

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more