മലയാള ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടോള്ളം സജീവമായി നിൽക്കുന്ന നടനാണ് സിദ്ദിഖ്. 1985-ൽ പുറത്തിറങ്ങിയ ആ നേരം അൽപ്പം ദൂരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഇതുവരെ 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990-ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് നടൻ ജനപ്രീതി നേടുന്നത്. തുടർന്ന് കാസർകോട് ഖാദർഭായ്, ഗോഡ്ഫാദർ, മൂക്കില്ലാരാജ്യത്ത്, അയലത്തെ അദ്ദേഹം, ഏകലവ്യൻ, ലേലം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.
ഹാസ്യം, സ്വഭാവ കഥാപാത്രങ്ങൾ, വില്ലൻ വേഷങ്ങൾ എന്നിവയെല്ലാം ഒരുപോലെ വഴങ്ങുന്ന സിദ്ദിഖ് ദൃശ്യം, നേര്, മാർക്കോ, പ്രിൻസ് ആൻഡ് ഫാമിലി, കാട്ടാളൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ കൈയടി നേടുന്നു.
സൈജു കുറുപ്പ്, സുധീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത, ഈ മാസം 25-ന് തിയേറ്ററുകളിലെത്തുന്ന ആരം ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ.
സിദ്ദിഖ്. Photo. Screen Grab/ Youtube
വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ താൻ തെരരഞ്ഞെടുക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പ്രവചനാതീതത്വം എങ്ങനെയാണ് നിലനിർത്തുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് സിദ്ദിഖ്.
‘ഞാൻ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് വിജി തമ്പി എന്ന സംവിധായകൻ എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു സിനിമയുടെ പോസ്റ്ററിൽ എന്റെ തല കണ്ടാൽ ഞാൻ എന്ത് തരം വേഷമാണ് ആ സിനിമയിൽ ചെയ്യുന്നത് എന്ന് ആളുകൾക്ക് ഊഹിക്കാൻ പറ്റരുത് എന്ന്. അതാണ് ഒരു ആക്ടറുടെ ഏറ്റവും വലിയ മിടുക്ക് എന്ന് പറയുന്നത്.
എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലം തൊട്ടേ എല്ലാ തരത്തിലുമുള്ള വേഷങ്ങൾ ചെയ്യാൻ പറ്റണം എന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ അത്തരം റോളുകൾ ചെയ്യുന്ന ആക്ടേഴ്സിനെ നോക്കി ഞാൻ പഠിക്കാറുണ്ടായിരുന്നു. ഹ്യൂമർ ചെയ്യുമ്പോൾ അവർ എന്താണ് ചെയ്യുന്നത്, അല്ലെങ്കിൽ നെഗറ്റീവ് റോളുകൾ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് എന്നൊക്കെ. ഏത് റോൾ കൊടുത്താലും അയാൾ അത് നന്നായി ചെയ്യാൻ ശ്രമിക്കും എന്നൊരു പേര് എനിക്ക് കിട്ടണം എന്നായിരുന്നു തുടക്കം മുതലുള്ള എന്റെ ആഗ്രഹം,’ നടൻ പറഞ്ഞു.
മോഹൻലാൽ ചിത്രമായ ‘ഹലോ’യുടെ ഷൂട്ടിങ് വേളയിൽ സിദ്ദിഖിന്റെ കഥാപാത്രത്തിന്റെ സസ്പെൻസ് കൊണ്ടുവന്ന സന്ദർഭത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് സിദ്ദിക്ക്.
സിദ്ദിഖ്. Photo. Screen Grab/ X.com
‘ഹലോ സിനിമ ചെയ്യുമ്പോൾ, ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം തന്നെ എന്റെ കഥാപാത്രത്തിന് വേണ്ടി മൊട്ടയൊക്കെ അടിച്ച്, കോൺടാക്റ്റ് ലെൻസ് വെച്ച് മോഹൻലാലിന്റെ കൂടെയുള്ള ഒരു സീൻ ആയിരുന്നു. അങ്ങനെ ആ ഷോട്ട് കഴിഞ്ഞതിനു ശേഷം സംവിധായകൻ ഷാഫി എന്നെ വിളിച്ചിട്ട് പറഞ്ഞു, ക്ലൈമാക്സിൽ നിങ്ങളെ വില്ലനാക്കിയാലോ എന്നൊരു സംശയമുണ്ട് എന്ന്.
അങ്ങനെ ക്ലൈമാക്സിൽ ഏന്നെയാണോ അതോ റിസബാവയെയാണോ വില്ലനാക്കേണ്ടത് എന്നൊരു കൺഫ്യൂഷൻ അവിടെ ഉണ്ടായിരുന്നു. പിന്നീട എന്റെ ആ കഥാപാത്രത്തെ അങ്ങനെ കൊണ്ടുവന്നിട്ടു ഒടുവിൽ ഇയാൾ അല്ല എന്ന് വരുത്തുന്നതായിരിക്കും നല്ലതു എന്ന്. അങ്ങനെയുള്ള പല വ്യത്യസ്ത കഥാപാത്രങ്ങളും ചെയ്യാനുള്ള അവസരങ്ങൾ സംവിധായകർ എനിക്ക് തന്നിട്ടുണ്ട്,’ സിദ്ദിഖ് പറഞ്ഞു.