| Tuesday, 7th July 2015, 11:37 am

കെ.എസ് ബിമലിനെ അനുസ്മരിച്ച് ഇടം സാംസ്‌കാരിക വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കെ.എസ് ബിമലിനെ അനുസ്മരിച്ച് ഇടം സാംസ്‌കാരിക വേദി. ഒരാള്‍ എത്രകാലം ജീവിച്ചു എന്നതല്ല, ജീവിതം കൊണ്ട് എന്ത് ചെയ്തു എന്നതാണ് പ്രധാനം എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ബിമലിന്റെ മരണണെന്ന് ഇടം സാസ്‌കാരിക വേദി പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറയുന്നു.

അനുശോചന സന്ദേശം:

ഒരാള്‍ എത്രകാലം ജീവിച്ചു എന്നതല്ല, ജീവിതം കൊണ്ട് എന്ത് ചെയ്തു എന്നതാണ് പ്രധാനം എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കെ.എസ് ബിമലിന്റെ മരണവാര്‍ത്ത. വാക്കുകൊണ്ടും സൗഹൃദ സാന്നിധ്യം കൊണ്ടും കലാ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും രാഷ്ട്രീയത്തിന്റെ നൈതിക ചിന്തയെ ചലനാത്മകമാക്കുകയും അന്വേഷണാത്മകമാക്കുകയും ചെയ്യുന്നതില്‍ സദാ കര്‍മ്മ നിരതമായിരുന്നു ബിമലിന്റെ ജീവിതം.

ലൈബ്രറി പ്രവര്‍ത്തനം പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് പറഞ്ഞ ബിമല്‍, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആഴത്തിലുള്ള വായനയിലൂടെയും അന്വേഷണങ്ങളിലൂടെയും തന്റെ സവിശേഷമായ രാഷ്ട്രീയ ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും ഉറപ്പോടെ അസ്ഥിവാരമിട്ട്, വിദ്യാര്‍ഥി പ്രസ്ഥാനത്തെ മുന്‍ നിരയില്‍ നിന്ന് നയിച്ചു. എന്നാല്‍ നിലപാടുകളില്‍ ഉറച്ചുനിന്നു പൊരുതുന്ന ആ രാഷ്ട്രീയക്കാരനെ, സി.പി.ഐ.എം എന്ന രാഷ്ട്രീയപ്പാര്‍ട്ടി അതിന്റെ സംഘടനാ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലെക്ക് ഒതുക്കുകയാണുണ്ടായത്.

നേതൃബിംബങ്ങള്‍ക്ക് ചുറ്റും നിന്ന് കറങ്ങുന്ന അവസരാര്‍ത്ഥികള്‍ക്കിടയില്‍, വിട്ടുവീഴ്ച്ച ചെയ്യാത്ത നിലപാടുകളുമായി അകലം പാലിച്ചു നിന്നവന് “അര്‍ഹിക്കുന്നതേ” സി.പി.ഐ.എമ്മിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളുവല്ലോ..?

ഒടുവില്‍ എല്ലാ ജനാധിപത്യ സീമകളെയും മാനാവിക നൈതികതയേയും വെല്ലുവിളിച്ചുകൊണ്ട് ടി.പി ചന്ദ്രശേഖരനെ കൊന്നുകളഞ്ഞ സന്ദര്‍ഭത്തില്‍ അത് ഫാസിസത്തിന്റെ മൂര്‍ധന്യത്തിലാണ് ആ പാര്‍ട്ടി എത്തി നില്‍ക്കുന്നത് എന്ന് തിരിച്ചറിയാനും രക്തസാക്ഷിയോട് ഐക്യപ്പെടുവാനും സഖാവ് ബിമലിന്റെ നീതിബോധത്തിന് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. ആ ഐക്യപ്പെടല്‍ തന്നെയാണ് ശരി എന്ന് ബിമലിന് ബോധ്യമുള്ളപ്പോഴും അതൊരു വലിയ തെറ്റായിരുന്നെന്ന് കണ്ടെത്തിയ സി.പി.ഐ.എമ്മിന് ചന്ദ്രശേഖരനെ കൊന്നതടക്കമുള്ള പല നിവൃത്തി കേടുകളും പോലെ ബിമലിനെ പുറത്താക്കേണ്ടിവന്നു.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ നെടുകെയെന്നോ കുറുകെയെന്നൊ വ്യക്തതയില്ലാതെ ഛിന്നഭിന്നമായി പിളര്‍ത്തപ്പെട്ട ഇടത് നൈതികതയുടെ ആഴക്ഷതങ്ങളില്‍ നിന്ന്, പുതിയ കാലത്തിന്റെ വികാസ പരിണാമങ്ങളില്‍, കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കപ്പെട്ടതും നീതിയിലധിഷ്ഠിതവുമായ രാഷ്ട്രീയത്തിന്റെ ബദല്‍ രൂപങ്ങളേയും , മുന്നേറ്റങ്ങളേയും കുറിച്ചുള്ള അസ്വസ്ഥമായ അന്വേഷണങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വഴിനടക്കുകയായിരുന്നു, ജനാധിപത്യവേദി, മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്‌സ് (മാസ്) എന്നീ ഫോറങ്ങള്‍ രൂപീകരിച്ചുകൊണ്ടുള്ള പിന്നീടുള്ള ഹ്രസ്വകാലം.

നാടക പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങളും രാഷ്ട്രീയത്തില്‍ നിന്ന് ഭിന്നമായിക്കാണാതിരുന്ന ബിമല്‍, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും, കലാ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സൗഹൃദക്കൂടിച്ചേരലുകളും നീതിക്കുവേണ്ടിയുള്ള സമരങ്ങളാവണം എന്ന് ആഴത്തില്‍ ദര്‍ശിച്ചതുകൊണ്ടായിരിക്കാം, നീതിയെക്കുറിച്ചുള്ള ഒടുങ്ങാത്ത ചോദ്യങ്ങളെ കെട്ടഴിച്ചുവിടുന്ന, ആനന്ദ് എഴുതിയ ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലിനെ നാടകമാക്കി അവതരിപ്പിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ആ നാടകം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും മികച്ച നാടകത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. കൂടാതെ ഒട്ടേറെ വേറെയും നാടകങ്ങള്‍, നാടക പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള നാടകങ്ങളടക്കം. രാഷ്ട്രീയത്തിന്റെയും ഇതര സാമൂഹിക മുന്നേറ്റങ്ങളുടെയും മുഖ്യധാരകള്‍ കൈവിട്ട മനുഷ്യരുടെ വ്യധകള്‍ക്കും സമരങ്ങള്‍ക്കും ഒപ്പവും എന്നും ബിമല്‍ ഉണ്ടായിരുന്നു.

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നില്‍പ്പ് സമരം നടക്കുമ്പോള്‍ അതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിലും കേരളീയം മാസികയുടെ ഓഫീസ് അതിക്രമിച്ചുകയറി പോലീസ് നടത്തിയ വ്യാജ മാവോയിസ്റ്റ് ആരോപണങ്ങളുടെയും അറസ്റ്റിന്റെയും നീതികേടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിലും ബിമലുണ്ടായിരുന്നു. ക്യാന്‍സറിന്റെ കൂര്‍ത്ത മുള്ളുകള്‍ ശരീരത്തെ കാര്‍ന്നെടുക്കുമ്പോഴും ആശുപത്രിക്കിടക്കയില്‍ കിടന്ന് കൊണ്ട് സമൂഹത്തിലെ ക്യാന്‍സര്‍ ബാധകള്‍ക്കെതിരെ അടുത്ത അരങ്ങിനും പൊതുമണ്ഡലത്തിനും വേണ്ട മെറ്റീരിയലുകള്‍ തിരഞ്ഞുകൊണ്ടിരുന്ന പ്രിയ സഖാവ്…

എത്രകാലം ജീവിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ ജീവിക്കണം എന്ന് കാണിച്ചുതന്ന് കരുത്തുപകര്‍ന്ന പ്രിയസഖാവിന്, പ്രിയ ബിമലിന് അഭിവാദ്യങ്ങള്‍…ആദരവുകള്‍…വിട.

ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ (പ്രസിഡന്റ്)
സിദ്ദിക്ക് നിലംബൂര്‍ (സെക്രെട്ടറി)

We use cookies to give you the best possible experience. Learn more