കാലിഫോർണിയ: വംശഹത്യയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് പങ്കുണ്ടെന്ന് ആരോപിച്ച് സുഡാൻ നൽകിയ കേസ് തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ).
സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് ആയുധവും ധനസഹായവും നൽകി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) യു.എൻ വംശഹത്യ കൺവെൻഷന്റെ നിയമം ലംഘിച്ചുവെന്നായിരുന്നു സുഡാൻ ആരോപിച്ചത്. യു.എ.ഇയുടെ പിന്തുണയില്ലാതെ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന് (ആർ.എസ്.എഫ്) ഡാർഫറിലെ മസാലിത് സമൂഹത്തെ വംശഹത്യ ചെയ്യാൻ സാധ്യമാകുമായിരുന്നില്ലെന്ന് സുഡാൻ ആരോപിച്ചു.
എന്നാൽ നടപടിക്രമങ്ങൾ തുടരാനുള്ള അധികാരം ഐ.സി.ജെക്ക് പ്രത്യക്ഷത്തിൽ ഇല്ലെന്ന് പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി കേസ് തള്ളുകയായിരുന്നു.
2005ൽ വംശഹത്യ കൺവെൻഷനിൽ യു.എ.ഇ അംഗത്വം സ്വീകരിച്ചപ്പോൾ അതിന്റെ ഒമ്പതാം ആർട്ടിക്കിളിൽ മാറ്റം വരുത്തിയിരുന്നു. ഇത് പ്രകാരം വംശഹത്യ ആരോപണങ്ങളുടെ പേരിൽ മറ്റ് രാജ്യങ്ങൾക്ക് അതിനെതിരെ കേസെടുക്കാൻ ഐ.സി.ജെക്ക് കഴിയില്ലെന്ന് കോടതി പറഞ്ഞു. പിന്നാലെ 14-2 വോട്ടിന് കേസ് തള്ളുകയായിരുന്നു.
ആയുധ കയറ്റുമതിയും കൂലിപ്പട്ടാള റിക്രൂട്ട്‌മെന്റും ഉൾപ്പെടെ ആർ.എസ്.എഫിന് യു.എ.ഇയുടെ സൈനിക, സാമ്പത്തിക, ലോജിസ്റ്റിക്കൽ പിന്തുണ ലഭിച്ചിരുന്നു. തൽഫലമായി ഡാർഫറിലെ അറബ് ഇതര സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് മസാലിത്തുകൾക്കെതിരെ, ആസൂത്രിതമായ ആക്രമണങ്ങൾക്ക് ഉണ്ടായെന്ന് സുഡാൻ പറഞ്ഞു.
ആഭ്യന്തര യുദ്ധത്തിൽ കൂട്ടക്കൊലകൾ, നിർബന്ധിത നാടുകടത്തൽ, ലൈംഗികാതിക്രമങ്ങൾ എന്നിവ ഉണ്ടായെന്ന് സുഡാൻ പറഞ്ഞു. 2023 ഏപ്രിൽ മുതൽ സുഡാനിൽ ആഭ്യന്തര യുദ്ധം നടക്കുകയാണ്. സുഡാനിലെ ഏറ്റവും ശക്തരായ രണ്ട് ജനറൽമാരായ സുഡാനീസ് സായുധ സേനയെ (SAF) നയിക്കുന്ന അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും അർദ്ധസൈനിക വിഭാഗമായ ആർ.എസ്.എഫിന്റെ മുൻ സഖ്യകക്ഷിയായ മുഹമ്മദ് ഹംദാൻ ദഗലോയും രാജ്യത്തിന്റെ നിയന്ത്രണത്തിനായി രക്തരൂക്ഷിതമായ പോരാട്ടം നടത്തുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കുടിയിറക്കവും പട്ടിണിക്കും ഈ യുദ്ധം കാരണമായതായി വിവിധ സഹായ ഏജൻസികൾ പറഞ്ഞു. ഐക്യരാഷ്ട്ര സഭ പറയുന്നത് പ്രകാരം സുഡാനിലെ അഞ്ച് പ്രദേശങ്ങളിൽ ഔദ്യോഗികമായി ക്ഷാമം ബാധിച്ചു.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് വടക്കൻ ഡാർഫർ മേഖലയിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 542 സാധാരണക്കാർ കൊല്ലപ്പെട്ടു.
Content Highlight: ICJ dismisses Sudan’s genocide case alleging UAE backing of RSF rebels