വാഷിങ്ടണ്‍: 73കാരിയായ സിഖ് വംശജയെ കസ്റ്റഡിയിലെടുത്ത് യു.എസ് അധികാരികള്‍. കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന ഹര്‍ജിത് കൗറിനെയാണ് ഐ.സി.ഇ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംഭവം യു.എസില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേ മേഖലയിലാണ് കൗര്‍ താമസിച്ചിരുന്നത്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി യു.എസില്‍ താമസിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് വരാന്‍ കൗറിന് ഐ.സി.ഇയുടെ നിര്‍ദേശം ലഭിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് 73കാരിയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് ഇവര്‍ കസ്റ്റഡിയിലാക്കപ്പെട്ടത്. നിലവില്‍ കൗറിനെ ബേക്കേഴ്സ് ഫീല്‍ഡിലെ ഒരു ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് കൗറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കസ്റ്റഡിയുടെ കാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൗറിന്റെ കുടുബം പ്രതിഷേധിച്ചത്.
കൗറിന്റെ ആരോഗ്യനിലയിലും കുടുംബം ആശങ്ക അറിയിച്ചു. തൈറോയ്ഡ് രോഗം, മൈഗ്രെയ്ന്‍, മറ്റു ശാരീരിക അസ്വസ്ഥകളെല്ലാം അലട്ടുന്ന വ്യക്തിയാണ് കൗറെന്നും കുടുംബം യു.എസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, ഇന്‍ഡിവിസിബിള്‍ വെസ്റ്റ് കോണ്‍ട്രാ കോസ്റ്റ കൗണ്ടി, സിഖ് സെന്റര്‍ എന്നീ സംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
1992ലാണ് കൗര്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. കൗര്‍ 20 വര്‍ഷത്തിലേറെ യു.എസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക ഇന്ത്യന്‍ ടെക്സ്റ്റയില്‍സിലെ ജീവനക്കാരിയായിരുന്നുവെന്നും വിവരമുണ്ട്.
എ.ബി.സി7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, കൗര്‍ യു.എസിലേക്ക് രേഖകളില്ലാതെ കുടിയേറിവരില്‍ ഒരാളാണ്. ഇക്കാരണത്താലാണ് കൗറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
2012ല്‍ കൗറിന് യു.എസ് അഭയം നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷത്തിലേറെയായി ഓരോ ആറ് മാസം കൂടുമ്പോഴും ഹര്‍ജിത് കൗര്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഐ.സി.ഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് 73കാരിയുടെ മരുമകള്‍ മാഞ്ചി കൗര്‍ ഒരു യു.എസ് മാധ്യമത്തോട് പ്രതികരിച്ചതെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്ര രേഖകള്‍ ലഭിക്കുന്നതുവരെ വര്‍ക്ക് പെര്‍മിറ്റോടെ അമേരിക്കയില്‍ തുടരാമെന്ന് ഐ.സി.ഇ കൗറിന് ഉറപ്പ് നല്‍കിയിരുന്നതായും മാഞ്ചി കൗര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിലെടുക്കുന്നു എന്നതല്ലതെ മറ്റു വിവരങ്ങളൊന്നും തന്നെ അധികാരികള്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കൗറിന്റെ ചെറുമകള്‍ സുഖ്മീത് സന്ധു പറഞ്ഞു.
Content Highlight: ICE takes 73-year-old Sikh woman into custody in US; protests