ഐ.സി.സി വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്മൃതി മന്ഥാനയെയാണ് ഹര്‍മന്റെ ഡെപ്യൂട്ടിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ദീപ്തി ശര്‍മയടക്കമുള്ള അനുഭവസമ്പത്തുള്ള താരങ്ങളുടെയും ശ്രീ ചാരിണിയെപ്പോലുള്ള യുവരക്തങ്ങളും ഉള്‍ച്ചേരുന്ന പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഇന്ത്യന്‍ ടീം.
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സജന സജീവനോ മിന്നു മണിക്കോ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ഒപ്പം ഫാന്‍ ഫേവറിറ്റായ ഷെഫാലി വര്‍മയും ലോകകപ്പ് സ്‌ക്വാഡിലില്ല.
കഴിഞ്ഞ കുറച്ചുകാലമായി ഷെഫാലി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. മോശം പ്രകടനത്തിന്റെ പേരില്‍ നിന്നും പുറത്തായ താരം 2024 ഒക്ടോബറിലാണ് അവസാനമായി ഏകദിനത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. എന്നാല്‍ ഒടുവില്‍ കളിച്ച ടി-20 പരമ്പരയില്‍ മികച്ച പ്രകടനവുമായി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചാരിണി, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), സ്‌നേഹ് റാണ.
സെപ്റ്റംബര്‍ 30നാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ രണ്ട് ആതിഥേയ രാജ്യങ്ങളുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ഒക്ടോബര്‍ ഒന്നിന് ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.
അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ചിന്നസ്വാമി സ്റ്റേഡിയം (ബെംഗളൂരു), ബര്‍സാപര സ്റ്റേഡിയം (ഗുവാഹത്തി, അസം) എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയം (വിശാഖപട്ടണം), ഹോല്‍കര്‍ സ്റ്റേഡിയം (ഇന്‍ഡോര്‍) എന്നിവയാണ് ഇന്ത്യയിലെ വേദികള്‍. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് അഞ്ചാം വേദി. പാകിസ്ഥാന്റെ മത്സരങ്ങളാണ് ഇവിടെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകുന്നത്.
പാകിസ്ഥാന്റെ പ്രകടനം അനുസരിച്ചാകും ഫൈനല്‍ അടക്കമുള്ള നോക്ക്ഔട്ട് മാച്ചുകളുടെ വേദികള്‍ തീരുമാനിക്കപ്പെടുക. അതായത് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കലാശപ്പോരാട്ടത്തിനും ശ്രീലങ്കയാകും വേദിയാവുക.
നിലവില്‍ രണ്ട് സെമി ഫൈനലിനും ഫൈനലിനുമുള്ള വേദികളും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഒരു സെമി ഫൈനലിന് ആതിഥേയത്വം വഹിക്കുക. ഗുവാഹത്തിയിലോ കൊളംബോയിലെ ആകും മറ്റൊരു സെമി ഫൈനല്‍ മത്സരം നടക്കുക. പാകിസ്ഥാന്‍ സെമിയിലെത്തുകയാണെങ്കില്‍ കൊളംബോയിലും അല്ലെങ്കില്‍ ഗുവാഹത്തിയിലും മത്സരം അരങ്ങേറും.
നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിന്റെ കാര്യവും സമാനമാണ്. പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിയാല്‍ കൊളംബോയിലും അല്ലാത്തപക്ഷം ചിന്നസ്വാമി സ്റ്റേഡിയത്തിലാകും 2025ലെ ലോക ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുക.
ഒരു വേദിയില്‍ തന്നെ കളിക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും അത് പാകിസ്ഥാന്‍ ടീമിന് എത്ര കണ്ട് മുതലാക്കാന്‍ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: ICC Women’s ODI World Cup 2025: India Squad