| Monday, 12th January 2026, 12:35 pm

ടി - 20 ലോകക്കപ്പ് കേരളത്തിലേക്കും?! ബംഗ്ലാദേശ് തിരുവനന്തപുരത്ത് എത്തുമോ?

ഫസീഹ പി.സി.

ടി – 20 ലോകകപ്പിലെ തങ്ങളുടെ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.ബി) ആവശ്യത്തില്‍ ഐ.സി.സി സര്‍പ്രൈസ് നീക്കത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റുന്നതിന് പകരം ഇന്ത്യയിലെ തന്നെ മറ്റ് വേദികളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.

തിരുവനന്തപുരവും ചെന്നൈയുമാണ് ആള്‍ട്ടര്‍നേറ്റീവ് വേദികളായി പരിഗണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി ഈ ആഴ്ച തന്നെ ബി.സി.ബിയ്ക്ക് മറുപടി അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുസ്താഫിസുർ റഹ്മാൻ. Photo: Johns/x.com

മുസ്തഫിസുര്‍ റഹ്‌മാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്ന് ബി.സി.ബി, ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് ഒടുവില്‍ മുസ്തഫിസുറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പിന്നാലെയാണ് ബി.സി.ബി വേദി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഐ.സി.സിക്ക് കത്തെഴുതിയത്. താരങ്ങളുടെ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു ബി.സി.ബിയുടെ വേദി മാറ്റ ആവശ്യം. എന്നാല്‍, ഇക്കാര്യം ഐ.സി.സി നിഷേധിച്ചുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനോട് ഇന്ത്യയില്‍ തന്നെ വന്ന് കളിക്കാനും ഐ.സി.സി നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

നിലവില്‍ മുംബൈയിലും കൊല്‍ക്കത്തയിലുമാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മത്സരങ്ങള്‍ക്കാണ് തിരുവനന്തപുരത്തെയും ചെന്നൈയെയും പരിഗണിക്കുന്നത്.

ഈ നിര്‍ദേശം ബി.സി.ബി അംഗീകരിച്ചാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നേക്കും. അങ്ങനെയെങ്കില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും മത്സരങ്ങള്‍ അരങ്ങേറും.

അതേസമയം, ഫെബ്രുവരി എട്ട് മുതലാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകകപ്പിന് തുടക്കമാവുക. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഗ്രൂപ്പ് സിയിലാണ്. ഇംഗ്ലണ്ട്, ഇറ്റലി, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: ICC set to Suggest Thiruvananthapuram and Chennai as alternative venues in Bangladesh T20 World Cup Row

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more