| Saturday, 8th August 2026, 6:33 pm

അമേരിക്കന്‍ ഭീഷണിക്കും ഉപരോധത്തിനും പിന്നാലെ അഫ്ഗാന്‍ കേസ് വിഭജിക്കാന്‍ ഐ.സി.സി; താലിബാനെതിരായ സ്ത്രീ പീഡനക്കേസ് വേറെ അന്വേഷിക്കും

ആദർശ് എം.കെ.

ഹേഗ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം നടത്തുന്ന സ്ത്രീ പീഡനങ്ങളും ലിംഗവിവേചനവും സംബന്ധിച്ച പരാതികളില്‍ പ്രത്യേക അന്വേഷണം ആരംഭിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി).

അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യവും സി.ഐ.എയും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ അഫ്ഗാനിസ്ഥാന്‍ കേസില്‍ നിന്ന് താലിബാന്റെ കേസ് വേര്‍പെടുത്താനാണ് പ്രീ-ട്രയല്‍ ചേംബര്‍ രണ്ടിന്റെ ഉത്തരവ്.

യു.എസ് പൗരന്മാര്‍ ഉള്‍പ്പെടുന്ന അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഈ നീക്കമെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഓഗസ്റ്റില്‍ അധികാരത്തിലെത്തിയതിന് ശേഷം താലിബാന്‍ നടപ്പാക്കിയ സ്ത്രീവിരുദ്ധ നയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സായുധ പോരാട്ടത്തിന്റെ ഭാഗമായുണ്ടായ കുറ്റകൃത്യങ്ങളല്ലെന്നും, ഇത് പ്രത്യേക ഭരണകൂട പീഡനമാണെന്നും ജഡ്ജിമാരായ റൊസാരിയോ സാല്‍വറ്റോറെ ഐറ്റാല, സെര്‍ജിയോ ജെറാര്‍ഡോ ഉഗാല്‍ഡെ ഗോഡിനെസ്, ഹൈക്കല്‍ ബെന്‍ മഹ്ഫൂദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചിലി, കോസ്റ്റാറിക്ക, സ്‌പെയിന്‍, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, മെക്‌സിക്കോ എന്നീ ആറ് രാജ്യങ്ങള്‍ 2024 നവംബറില്‍ നല്‍കിയ സംയുക്ത പരാതിയുടെ അടിസ്ഥാനത്തിലാണ് താലിബാനെതിരെയുള്ള കേസ് വേര്‍പെടുത്തി അന്വേഷിക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ചത്.

2003 മുതലുള്ള സംഭവങ്ങളില്‍ അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ്, യു.എസ് സേന, സി.ഐ.എ, താലിബാന്‍, ഐ.എസ്.കെ.പി എന്നിവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളാണ് 2020ല്‍ ഐ.സി.സി അംഗീകരിച്ച നിലവിലെ അഫ്ഗാന്‍ കേസിന്റെ പരിധിയിലുള്ളത്.

എന്നാല്‍ വര്‍ഷങ്ങളായി ഇത് സംബന്ധിച്ച് പുതിയ നടപടികളൊന്നും നടക്കാത്തതിനാല്‍, റെഗുലേഷന്‍ 66 (Regulation 66 ter) പ്രകാരം പഴയ അഫ്ഗാന്‍ കേസിന്റെ റെക്കോര്‍ഡുകള്‍ ഔദ്യോഗികമായി അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ ജഡ്ജിമാര്‍ പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ പേരില്‍ ഐ.സി.സിക്കെതിരെ യു.എസ് ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.

അഫ്ഗാന്‍ കേസില്‍ മുന്‍ പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നിരവധി ജഡ്ജിമാര്‍ക്കും എതിരെ യു.എസ് സാമ്പത്തിക-വിസ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഐ.സി.സിയെ ഓരോന്നോരോന്നായി പൊളിച്ചടുക്കുമെന്ന്’ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തിടെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍, അമേരിക്കന്‍ സേനയ്‌ക്കെതിരെയുള്ള വിചാരണ നടപടികളില്‍ നിന്ന് കോടതി പിന്മാറുന്നു എന്നതിന്റെ സൂചനയായാണ് പഴയ അഫ്ഗാന്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ, ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കീം ഹഖാനി എന്നിവര്‍ക്കെതിരെ ഐ.സി.സി ഇതിനകം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് കേസ് വിഭജിക്കുന്നതിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് തയ്യാറായിട്ടില്ല.

Content highlight: ICC to split Afghanistan case following US threats and sanctions; investigation into abuse of women by the Taliban to be handled separately.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more