ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെയാണ് സ്റ്റാര്‍ക് ഈ നേട്ടത്തിലെത്തിയത്. കരിയറിലാദ്യമായാണ് മിച്ചല്‍ സ്റ്റാര്‍ക് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
872 റേറ്റിങ്ങോടെയാണ് സ്റ്റാര്‍ക് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെയും ന്യൂസിലാന്‍ഡ് താരം മാറ്റ് ഹെന്‌റിയെയും മറികടന്നാണ് സ്റ്റാര്‍ക് ഒന്നാമതെത്തിയത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ നിന്നായി 12 വിക്കറ്റുകളാണ് സ്റ്റാര്‍ക് പിഴുതെറിഞ്ഞത്.
ഓസ്‌ട്രേലിയ പരാജയപ്പെട്ട ആദ്യ ടെസ്റ്റില്‍ വെറും രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ സ്റ്റാര്‍ക്, രണ്ടാം ടെസ്റ്റില്‍ ടെന്‍ഫറുമായാണ് തിളങ്ങിയത്. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സ്റ്റാര്‍ക് തന്നെയായിരുന്നു.
ഐ.സി.സി റാങ്കിങ്ങില്‍ സ്റ്റാര്‍ക്കിനൊപ്പം താരത്തിന്റെ ബൗളിങ് പാര്‍ട്ണര്‍ പാറ്റ് കമ്മിന്‍സും നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്റ്റാര്‍ക് 841 റേറ്റിങ്ങോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലേക്കുയര്‍ന്നു.
സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സെന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ താരമായ കഗിസോ റബാദ ഒരു റാങ്ക് മെച്ചപ്പെടുത്തി ആറാം റാങ്കിലേക്കുയര്‍ന്നു.
പാക് താരം നോമന്‍ അലിയും ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ട് റാങ്കുകള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11ാം റാങ്കിലെത്തിയ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ താരം.
ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ് നാല് റാങ്കുകള്‍ നഷ്ടപ്പെട്ട് 18ാം സ്ഥാനത്തേക്കും രവീന്ദ്ര ജഡേജ മൂന്ന് റാങ്കും നഷ്ടപ്പെട്ട് 19ാം സ്ഥാനത്തേക്കും വീണു.
ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക.
Content Highlight: ICC Test Ranking: Mitchell Starc climbs to Rank 1