| Tuesday, 13th January 2026, 12:06 pm

സഞ്ജുവിന്റെ ജേഴ്‌സിയണിഞ്ഞ് ലോകകപ്പ് ഫൈനലിന്റെ താരം; ലോകകപ്പ് കൈവിടില്ലെന്ന് പ്രഖ്യാപനം; തകര്‍പ്പന്‍ പ്രൊമോ

ആദര്‍ശ് എം.കെ.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിന്റെ പ്രൊമോ വീഡിയോയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഐ.സി.സി വനിതാ ലോകകപ്പ് താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ. ഷെഫാലി വര്‍മ എന്നിവരാണ് വീഡിയോയിലുള്ളത്. 2025 ഐ.സി.സി വനിതാ ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

‘2025 നവംബര്‍ രണ്ടിന് ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ഇപ്പോള്‍ വീണ്ടും കളത്തിലിറങ്ങാനുള്ള സമയമാണ്. ഗര്‍ജിക്കാനും ത്രിവര്‍ണപതാക ഉയര്‍ത്താനുമുള്ള സമയമാണ്. ഇപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ അവസരമാണ്,’ വീഡിയോ തുടങ്ങുന്നതിങ്ങനെ.

ജെമീമ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ജേഴ്‌സിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ദീപ്തി ശര്‍മ ഹര്‍ദിക് പാണ്ഡ്യയുടെയും ഷെഫാലി സഞ്ജു സാംസണിന്റെ ജേഴ്‌സിയുമാണ് ധരിച്ചിരിക്കുന്നത്.

ഒരു കീരീടം സ്വന്തമാക്കിയെന്നും, കഴിഞ്ഞ തവണ നേടിയ കിരീടം കൈവിട്ടുകളയില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

നമ്മുടെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ ഒട്ടും പിന്നില്ലല്ല എന്ന ഷെഫാലിയുടെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോയും അതിലെ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഫെബ്രുവരി ഏഴിനാണ് ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ സഹ ആതിഥേയരായ യു.എസ്.എ ആണ് എതിരാളികള്‍. ഇന്ത്യ 2011 ലോകകപ്പുയര്‍ത്തിയ വാംഖഡെ സ്റ്റേഡിയമാണ് വേദി.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെയടക്കം നാല് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി ഏഴ് vs യു.എസ്.എ – വാംഖഡെ സ്റ്റേഡിയം, മുംബൈ.

ഫെബ്രുവരി 12 vs നമീബിയ – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി.

ഫെബ്രുവരി 15 vs പാകിസ്ഥാന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ഫെബ്രുവരി 18 vs നെതര്‍ലന്‍ഡ്‌സ് – ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, അഹമ്മദാബാദ്.

ഇന്ത്യയെ സംബന്ധിച്ച് ഗ്രൂപ്പ് ഘട്ടം ബുദ്ധിമുട്ടേറിയതല്ല. പാകിസ്ഥാനൊപ്പം മൂന്ന് അസോസിയേറ്റ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുമെന്നതിനാല്‍ തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ 8ലേക്കെത്തുന്ന ടീമുകളിലൊന്ന് ഇന്ത്യയായിരിക്കുമെന്നതില്‍ സംശയമില്ല.

Content Highlight: ICC T20 World Cup Promo

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more