അടുത്ത മൂന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ക്കുമുള്ള ഹോസ്റ്റ് നേഷനെ പ്രഖ്യാപിച്ച് ഐ.സി.സി. ടെസ്റ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ 2025-27, 2027-29, 2029-31 സൈക്കിളുകളുടെ ഫൈനലിനുള്ള ആതിഥേയരെയാണ് ഐ.സി.സി തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടാണ് ഈ മൂന്ന് ഫൈനല്‍ മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുക.
സിംഗപ്പൂരില്‍ വെച്ച് നടന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം.
നേരത്തെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം സിംബാബ്‌വേയില്‍ നടന്ന ഐ.സി.സി മീറ്റിങ്ങിലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് വേദിയാകാന്‍ ബി.സി.സി.ഐ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മൂന്ന് ഫൈനലിനും ഇംഗ്ലണ്ട് തന്നെയാണ് വേദിയായത്. 2019-21 സൈക്കിളില്‍ സതാംപ്ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയവും 2021-23 സൈക്കിളില്‍ ലണ്ടനിലെ ഓവലും വേദിയായി.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക 2023-25 ഫൈനലിന് ലോര്‍ഡ്‌സാണ് ആതിഥ്യമരുളിയത്.
ആദ്യ മൂന്ന് സീസണിലും വേദിയായ ഇംഗ്ലണ്ടിനെ തന്നെ അടുത്ത മൂന്ന് സീസണിലെയും ഫൈനലിന് ആതിഥ്യമരുളാന്‍ ഐ.സി.സി തെരഞ്ഞെടുക്കുകയായിരുന്നു.
ബിഗ് ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇംഗ്ലണ്ടിന്റെ കഴിവില്‍ അപെക്‌സ് ബോര്‍ഡ് പൂര്‍ണ തൃപ്തരാണ്. 2021, 2023 ഫൈനലുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വീണ്ടും ഇംഗ്ലണ്ടിനെ തെരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളുടെ ക്വാളിറ്റിയും ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന ആളുകളും ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ഘടകങ്ങളായി. ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ തന്നെ നടക്കുന്നത് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്നും ഐ.സി.സി വിശ്വസിക്കുന്നു.
Content Highlight: ICC selects England to host next three World Test Championship finals