| Wednesday, 17th September 2025, 12:22 pm

പാകിസ്ഥാന് വഴങ്ങി ഐ.സി.സി; യു.എ.ഇക്കെതിരെ കളി നിയന്ത്രിക്കാന്‍ പൈക്രോഫ്റ്റില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ആവശ്യത്തിന് വഴങ്ങി ഐ.സി.സി. ഇന്ത്യയുമായുള്ള മത്സരത്തിലെ കൈകൊടുക്കല്‍ വിവാദത്തില്‍ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളില്‍ നിന്നും മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ പകരക്കാരനായി റിച്ചി റിച്ചാര്‍ഡ്‌സണ്‍ നിയമിച്ചതായും ക്രിക് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 14ന് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നടന്ന മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കിയിരുന്നില്ല. ടോസ് സമയത്തും രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈകൊടുത്തിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ പതിവ് രീതിയായ ഹസ്തദാനം നല്‍കാത്തതില്‍ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു.

പിന്നാലെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും ഐ.സി.സിയ്ക്കും പരാതി നല്‍കിയിരുന്നു. ടോസ് സമയത്ത് പൈക്രോഫ്റ്റ് പാക് നായകന്‍ സല്‍മാന്‍ അലി ആഘയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

ഈ പെരുമാറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നും അതിനാല്‍ മാച്ച് റഫറിക്ക് എതിരെ നടപടി വേണമെന്നുമായിരുന്നു പി.സി.ബിയുടെ ആവശ്യം. ഇന്ത്യക്കൊപ്പം നിന്ന മാച്ച് റഫറിയെ ടൂര്‍ണമെന്റിന്റെ പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആൻഡി പൈക്രോഫ്റ്റ്

നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക് ടീം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും പി.സി.ബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ഭീഷണി മുഖവിലക്കെടുക്കാതെ കഴിഞ്ഞ ദിവസം പൈക്രോഫ്റ്റിന് ഈ വിവാദങ്ങളില്‍ പങ്കില്ലെന്ന് വിലയിരുത്തി ഈ ആവശ്യം തള്ളിയിരുന്നു.

അതിന് പിന്നാലെ, യു.എ.ഇക്കെതിരെയായ മത്സരത്തിന്റെ പ്രസ് മീറ്റില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനിന്നിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ പാകിസ്ഥാന്റെ മത്സരത്തില്‍ നിന്ന് പൈക്രോഫ്റ്റിനെ മാറ്റി നിര്‍ത്തുന്നത്.

അതേസമയം, ഇന്ന് യു.എ.ഇക്കെതിരെ പാകിസ്ഥാന്‍ നിര്‍ണായക മത്സരത്തിനാണ് ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലേക്ക് മുന്നേറാന്‍ ടീമിന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ച് തുടങ്ങിയ പാക് സംഘം ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്താതെ തകര്‍ന്നടിഞ്ഞിരുന്നു.

Content Highlight: ICC removed Andy Pycroft from matches of Pakistan in Asia cup

We use cookies to give you the best possible experience. Learn more