ഹേഗ്: ഗസയിലെ യുദ്ധകുറ്റങ്ങളിലെ അന്വേഷണം തടയണമെന്ന ഇസ്രഈലിന്റെ അപ്പീൽ തള്ളി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി).
ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യയിലുണ്ടായ മാനുഷിക നഷ്ടങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഐ.സി.സിയുടെ തീരുമാനം.
പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്താമെന്ന കീഴ്കോടതി വിധി റദ്ദാക്കാനാണ് ഇസ്രഈൽ അപ്പീൽ നൽകിയത്.
ഐ.സി.സിയിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളോടുള്ള അവഗണനയാണ് ഈ വിധിയെന്ന് ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം എക്സിൽ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ യുദ്ധകുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധി ഇസ്രഈൽ നിരസിക്കുകയും ഗസയിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു. കേസ് അട്ടിമറിക്കാനുള്ള ഇസ്രഈലിന്റെ ശ്രമങ്ങൾക്ക് ഇതൊരു തിരിച്ചടിയായെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രഈൽ ആക്രമണം അവസാനിപ്പിക്കാത്തത് ഗസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ അമേരിക്കൻ, ഇസ്രഈലി ഉദ്യോഗസ്ഥർക്കെതിരായ യുദ്ധകുറ്റങ്ങളുടെ അന്വേഷണങ്ങളുടെ പേരിൽ ഐ.സി.സി ജഡ്ജിമാർക്കെതിരെയും പ്രോസിക്യൂട്ടർമാർക്കെതിരെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഹേഗ് കോടതിയിലെ ആറ് ജഡ്ജിമാരും ചീഫ് പ്രോസിക്യൂട്ടർമാരും ഉൾപ്പെടെ ഒമ്പത് സ്റ്റാഫ് അംഗങ്ങൾക്ക് മേലാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
Content Highlight: ICC rejects Israel’s appeal to block Gaza war crimes investigation