ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി ഐ.സി.സി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസിസ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ലോകകപ്പിലെ നാല് മത്സരങ്ങളില്‍നിന്ന് 92 റണ്‍സ് ശരാശരിയില്‍ 184 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.
ലോകകപ്പ് തുടങ്ങും മുന്‍പ് കോഹ്‌ലിയും ഫിഞ്ചും തമ്മില്‍ 24 പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഫിഞ്ചിനെ(803)ക്കാളും 68 പോയിന്റ് മുന്നിലാണ് കോഹ്‌ലി(871). മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന് 762 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി(741), ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയില്‍സ് (737) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ടീം റാങ്കിങ്ങില്‍ ഇന്ത്യ (127) ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് (122) രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. 120 പോയിന്റുമായി വെസ്റ്റിന്‍ഡീസാണ് മുന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുളള ദക്ഷണാഫ്രിക്കയ്ക്കും അഞ്ചാം സ്ഥാനത്തുളള ഇംഗ്ലണ്ടിനും 115 പോയിന്റ് വീതമാണുള്ളത്.
ബൗളിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് താരം സാമുവല്‍ ബദ്രിയാണ്(753) ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ആര്‍ അശ്വിനെ പിന്തള്ളിയാണ് ബദ്രി ഒന്നാം സ്ഥാനത്തെത്തിയത്. ലോകകപ്പില്‍ വേണ്ടത്ര ശോഭിക്കാനാകാത്ത അശ്വിന്‍(725) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറാണ് (740) രണ്ടാം സ്ഥാനത്ത്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ കഴിഞ്ഞ മത്സരത്തോടെ വിരമിച്ച ഓസിസിന്റെ ഷെയ്ന്‍ വാട്‌സനാണ് (373) ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ (346) പാക്കിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി(332), എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്തുളള യുവരാജ് സിങ്ങാണ് (273) ആദ്യ പത്തിലുളള ഏക ഇന്ത്യന്‍ താരം.