| Wednesday, 1st October 2025, 7:01 pm

ഏഴ് മത്സരത്തില്‍ നാലിലും 'പൂജ്യന്‍'; എന്നിട്ടും ഐ.സി.സി റാങ്കിങ്ങില്‍ എങ്ങനെ ഇവന്‍ ഒന്നാമനായി?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ പാക് സൂപ്പര്‍ താരം സയീം അയ്യൂബ് ഒന്നാം സ്ഥാനത്തെത്തിയതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ആരാധകര്‍. ഒറ്റയടിക്ക് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി, കരിയര്‍ ബെസ്റ്റ് റേറ്റിങ്ങുമായാണ് അയ്യൂബ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയെയും അഫ്ഗാന്‍ ഇതിഹാസം മുഹമ്മദ് നബിയെയും മറികടന്നുകൊണ്ടായിരുന്നു സയീം അയ്യൂബിന്റെ മുന്നേറ്റമെന്നതാണ് ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരിക്കുന്നത്.

ഇതിനൊരു കാരണവുമുണ്ട്. ഈയടുത്ത് നടന്ന ഏഷ്യാ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ അത്ര കണ്ട് മികച്ച പ്രകടനവുമല്ല താരം പുറത്തെടുത്തതും.

ഓപ്പണറുടെ റോളിലാണ് താരം ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇടയ്ക്ക് വണ്‍ ഡൗണിലേക്കുമിറങ്ങി. ഫൈനല്‍ അടക്കം ഏഴ് മത്സരത്തിലും ബാറ്റെടുത്ത സയീമിന് ആകെ നേടാന്‍ സാധിച്ചത് 5.28 ശരാശരിയില്‍ വെറും 37 റണ്‍സാണ്.

57.36 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ബാറ്റെടുത്ത ഏഴ് മത്സരത്തില്‍ നാല് മത്സരത്തിലും താരം ഒറ്റ റണ്‍സ് പോലും നേടിയില്ല. പിന്നെയെങ്ങനെ സയീം അയ്യൂബ് ഒന്നാമതെത്തി എന്നാണ് ആരാധകര്‍ അത്ഭുതപ്പെട്ടത്.

ഇവിടെയാണ് ടൂര്‍ണമെന്റിലെ ബൗളിങ് പ്രകടനം സയീം അയ്യൂബിനെ തുണച്ചത്. പന്തെടുത്ത ആറ് മത്സരത്തില്‍ നിന്നുമായി താരം വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്. ഷഹീന്‍ ഷാ അഫ്രിദിക്കും ഹാരിസ് റൗഫിനും ശേഷം പാക് നിരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയത് ഈ ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്.

ഒമാനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ അയ്യൂബ് എട്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ അയ്യൂബ് ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട മൂന്ന് താരങ്ങളെയും മടക്കിയത് അയ്യൂബ് തന്നെയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ യു.എ.ഇക്കെതിരെ ഒരു വിക്കറ്റ് നേടിയ താരം സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശത്തില്‍ അയ്യൂബ് വീഴ്ത്തിയ രണ്ട് വിക്കറ്റുകള്‍ നിര്‍ണായകവുമായിരുന്നു.

കരിയറില്‍ ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത ഔട്ടിങ്ങാണ് ബാറ്റിങ്ങിലുണ്ടായതെങ്കിലും ഫൈനലില്‍ തോറ്റെങ്കിലും, ബൗളിങ്ങിലെ മികച്ച പ്രകടനവും ഒപ്പം ചരിത്രത്തിലാദ്യമായി ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന്റെയും ഗോള്‍ഡന്‍ മാര്‍ക് 2025 ഏഷ്യാ കപ്പ് താരത്തിന്റെ കരിയറില്‍ അവശേഷിപ്പിച്ചിരിക്കുകയാണ്.

Content Highlight: ICC Ranking and Saim Ayub’s bowling performance in Asia Cup

We use cookies to give you the best possible experience. Learn more