| Wednesday, 5th November 2025, 8:55 am

കളിക്കിടെ രാഷ്ട്രീയം വേണ്ട; ഇന്ത്യ-പാക് താരങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കി ഐ.സി.സി

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാക് മത്സരത്തിനിടെയുണ്ടായ താരങ്ങളുടെ മോശം പെരുമാറ്റത്തില്‍ നടപടിയെടുത്ത് ഐ.സി.സി.

മത്സരത്തിനിടെ പരിധി വിട്ട ആംഗ്യങ്ങള്‍ കാണിച്ചതിന് ഇന്ത്യയുടേയും പാകിസ്ഥാന്റേയും താരങ്ങള്‍ക്കെതിരെയാണ് ഐ.സി.സി നടപടിയെടുത്തത്.

നടപടിയെ തുടര്‍ന്ന് പാക് ബൗളര്‍ ഹാരിസ് റൗഫിനെ രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കി.
നടപടിയുടെ ഭാഗമായി സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളില്‍ റൗഫിന് കളിക്കാന്‍ കഴിയില്ല. രണ്ട് ഡിമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 35 ശതമാനം പിഴയും റൗഫിന് ശിക്ഷ വിധിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ സൂചിപ്പിച്ചുകൊണ്ട് 6-0 എന്ന് ഹാരിസ് റൗഫ് കാണികള്‍ക്ക് നേരെ കൈകൊണ്ട് സിഗ്‌നല്‍ നല്‍കിയിരുന്നു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നാണ് റൗഫ് പരോക്ഷമായി ഉദ്ദേശിച്ചതെന്നാണ് പരാതി ഉയര്‍ന്നത്.

സമാനമായി തോക്കുകൊണ്ട് വെടിയുതിര്‍ക്കുന്ന ആക്ഷന്‍ കാണിച്ചതിന് പാകിസ്താന്റെ മറ്റൊരു താരം സാഹിബ്സാദ ഫര്‍ഹാന് ഒരു ഡിമെറിറ്റ് പോയിന്റും ഐ.സി.സിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്. വിവിധ അച്ചടക്ക സമിതികളുടെ വാദങ്ങള്‍ കേട്ട ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം എടുത്തത്.

ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെതിരെയും ഐ.സി.സി അച്ചടക്ക നടപടിയെടുത്തു. മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡിമെറിറ്റ് പോയിന്റുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പിഴ വിധിച്ചിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഉപയോഗിച്ചതാണ് സൂര്യകുമാര്‍ യാദവിന് തിരിച്ചടിയായത്.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്ന ആംഗ്യങ്ങള്‍ കാണിച്ചതിന് ജസ്പ്രീത് ബുംറക്ക് ഒരു ഡിമെറിറ്റ് പോയിന്റും താക്കീതും ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെതിരെ നടപടിയെടുത്തിട്ടില്ല.

Content Highlight: ICC Punish India-Pakistan Players For Bad Behavior In Asia Cup 2025

We use cookies to give you the best possible experience. Learn more