ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക്. ഒന്നാം സ്ഥാനക്കാരനായ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാരി 886 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയത്.
റൂട്ടിന് 868 പോയിന്റാണ് നേടാന്‍ സാധിച്ചത്. അതേസമയം മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ 867 പോയിന്റും നാലാം സ്ഥാനത്ത് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 858 പോയിന്റും നേടി സ്ഥാനം പിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത് 813 പോയിന്റുമായുണ്ട്.
മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 15ാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. 807 പോയിന്റാണ് ഗില്ലിനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ മിന്നും പ്രകടനമാണ് താരത്തിന്റെ റാങ്കിങ് കുതിപ്പിന് കാരണമായത്.
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ താരം 430 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് ഇത്രയും റണ്‍സ് താരം സ്‌കോര്‍ ചെയ്തത്.
അതേസമയം ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 10നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മത്സരം. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുവരും.
ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ ആര്‍ച്ചര്‍ ജോഷ് ടംഗിന് പകരമായാണ് ഇംഗ്ലണ്ട് ഇലവനിലെത്തിയത്.
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജൊയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍
Content Highlight: ICC Published New Test Batting Ranking