സെപ്റ്റംബര്‍ മാസത്തെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. പുരുഷ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ അഭിഷേക് ശര്‍മയ്ക്കും കുല്‍ദീപ് യാദവിനുമൊപ്പം സിംബാബ്‌വേയുടെ യുവതാരം ബ്രയാന്‍ ബെന്നറ്റും ഇടം പിടിച്ചു.
വനിതാ താരങ്ങളുടെ പട്ടികയില്‍ സ്മൃതി മന്ഥാന (ഇന്ത്യ), സിദ്ര അമീന്‍ (പാകിസ്ഥാന്‍), ടാസ്മിന്‍ ബ്രിറ്റ്‌സ് (സൗത്ത് ആഫ്രിക്ക) എന്നിവരാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലെത്തിയത്.
ഏഷ്യാ കപ്പിലെ മികച്ച പ്രകടനമാണ് അഭിഷേക് ശര്‍മയെയും കുല്‍ദീപ് യാദവിനെയും ചുരുക്കപ്പട്ടികയിലെത്തിച്ചത്. അഭിഷേക് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായും കുല്‍ദീപ് യാദവ് ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുമായാണ് ഇന്ത്യയുടെ ഒമ്പതാം ഏഷ്യാ കപ്പ് വിജയത്തില്‍ നിര്‍ണായകമായത്.
അഭിഷേക് ശര്‍മ
ഏഴ് മത്സരത്തില്‍ നിന്നും 44.85 ശരാശരിയില്‍ 314 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ 300+ റണ്‍സ് നേടിയ ഏക താരവും അഭിഷേക് ശര്‍മയാണ്. ഇന്ത്യയുടെ വിജയത്തിനൊപ്പം ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അഭിഷേകിന്റെ നേട്ടത്തിന് തിളക്കമേറ്റി.
ഏഴ് മത്സരത്തില്‍ നിന്നും 17 വിക്കറ്റുമായാണ് കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാക് സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയേക്കാള്‍ കാതങ്ങളകലെയാണ് കുല്‍ദീപിന്റെ സ്ഥാനം.
കുല്‍ദീപ് യാദവ്
ഏഴ് മത്സരത്തില്‍ നിന്നും 6.60 എക്കോണമിയില്‍ പത്ത് വിക്കറ്റുകള്‍ മാത്രമാണ് ഷഹീനിന് സ്വന്തമാക്കാന്‍ സാധിച്ചത്.
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് സിംബാബ്‌വേയ്ക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായതാണ് ബ്രയാന്‍ ബെന്നറ്റിനെ പ്ലെയര്‍ ഓഫ് ദി മന്തിന്റെ ചുരുക്കപ്പട്ടികയിലെത്തിച്ചത്.
ബ്രയാന്‍ ബെന്നറ്റ്
ടൂര്‍ണമെന്റിനുള്ള ആഫ്രിക്ക ക്വാളിഫയറിന്റെ സെമി ഫൈനലില്‍ കെനിയയെ പരാജയപ്പെടുത്തിയതോടെയാണ് ഷെവ്‌റോണ്‍സ് ഒരിക്കല്‍ക്കൂടി ലോകകപ്പിന് യോഗ്യത നേടിയത്. ക്വാളിഫയറിന്റെ കിരീടപ്പോരാട്ടത്തില്‍ നമീബിയയെ പരാജയപ്പെടുത്തി സിംബാബ്‌വേ കിരീടമണിയുകയും ചെയ്തു.
ലോകകപ്പ് യോഗ്യത നേടിയ സിംബാബ്‌വേ
പുരുഷ വിഭാഗത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച മൂന്ന് താരങ്ങള്‍ക്കും ഇതുവരെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് നേട്ടം സ്വന്തമക്കാന്‍ സാധിച്ചിട്ടില്ല. മൂവര്‍ക്കും തുല്യസാധ്യത കല്‍പിക്കുന്ന പോരാട്ടത്തില്‍ വിജയി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlight: ICC Player of the month September, nominations