ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരങ്ങള്‍. ബാറ്റര്‍, ബൗളര്‍, ഓള്‍ റൗണ്ടര്‍ റാങ്കിങ്ങുകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയാണ് അഫ്ഗാന്‍ സൂപ്പര്‍ താരങ്ങള്‍ ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനമേറ്റുവാങ്ങിയത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെയാണ് ഐ.സി.സി റാങ്കിങ്ങില്‍ അഫ്ഗാന്‍ താരങ്ങളുടെ മുന്നേറ്റം.
ബാറ്റര്‍മാരുടെ പട്ടികയില്‍ സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒറ്റയടിക്ക് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സദ്രാന്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
764 എന്ന റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. സദ്രാന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ്ങാണിത്. രോഹിത് ശര്‍മ, ബാബര്‍ അസം, വിരാട് കോഹ്‌ലി, ഡാരില്‍ മിച്ചല്‍, ചരിത് അസലങ്ക, ഹാരി ടെക്ടര്‍, ശ്രേയസ് അയ്യര്‍, ഷായ് ഹോപ്പ് എന്നിവരെ പിന്തള്ളിയാണ് സദ്രാന്റെ കുതിപ്പ്.
ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക
ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനമെങ്കില്‍, ബൗളര്‍മാരുടെയും ഓള്‍ റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ഉയര്‍ന്നത്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നറുടെ നേട്ടം.
കേശവ് മഹാരാജ് (സൗത്ത് ആഫ്രിക്ക), മഹീഷ് തീക്ഷണ (ശ്രീലങ്ക), ജോഫ്രാ ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), കുല്‍ദീപ് യാദവ് (ഇന്ത്യ), ബെര്‍ണാര്‍ഡ് സ്‌കോള്‍ട്‌സ് (നമീബിയ) എന്നിവരെ മറികടന്നുകൊണ്ടാണ് റാഷിദ് ഖാന്റെ കുതിപ്പ്.
ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക
കരിയര്‍ ബെസ്റ്റ് റേറ്റിങ്ങോടെയാണ് അഫ്ഗാന്‍ സൂപ്പര്‍ താരം അസ്മത്തുള്ള ഒമര്‍സായ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 334 എന്ന റേറ്റിങ്ങാണ് താരത്തിനുള്ളത്. ഷെവ്‌റോണ്‍സ് ലെജന്‍ഡ് സിക്കന്ദര്‍ റാസയെ മറികടന്നുകൊണ്ടാണ് ഒമര്‍സായ്‌യുടെ മുന്നേറ്റം.
ഐ.സി.സി ഏകദിന ഓള്‍ റൗണ്ടര്‍ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയാണ് അഫ്ഗാന്‍ തിളങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 200 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ലയണ്‍സ് നേടിയത്.
ഇബ്രാഹിം സദ്രാന്റെയും (111 പന്തില്‍ 95), മുഹമ്മദ് നബിയുടെയും (37 പന്തില്‍ പുറത്താകാതെ 62) കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 293ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 27.1 ഓവറില്‍ വെറും 93 റണ്‍സിന് പുറത്താവുകയായിരുന്നു. 7.1 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബിലാല്‍ സമിയാണ് ബംഗ്ലാദേശിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. മത്സരത്തില്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: ICC ODI Rankings; Afghanistan players with huge leap