| Wednesday, 29th January 2025, 3:51 pm

തുടര്‍ പരാജയത്തിന് പിന്നാലെ സഞ്ജുവിന് വമ്പന്‍ തിരിച്ചടി, ആരാധകര്‍ ആഗ്രഹിക്കാത്തത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ് തിരിച്ചടി. ഒറ്റയടിക്ക് 12 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 29ാം സ്ഥാനത്താണ് സഞ്ജു നിലവില്‍ ഇടം പിടിച്ചിരിക്കുന്നത്. 577 റേറ്റിങ് പോയിന്റാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കുള്ളത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് റാങ്കിങ്ങിലും സഞ്ജുവിന് തിരിച്ചടി നേരിടേണ്ടി വന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സ് നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനും മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സിനും പുറത്തായി. നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റാണ് ഈ രണ്ട് മത്സരത്തിലും സഞ്ജുവിനുള്ളത്.

പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരത്തിലും താരം മികച്ച പ്രകടനം നടത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പട്ടികയില്‍ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിലക് വര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

തുടര്‍ച്ചയായി ഒറ്റയക്കത്തിന് പുറത്താകേണ്ടി വന്ന ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് വീണു.

നാല് മുതല്‍ ഏഴ് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, പാക് താരം ബാബര്‍ അസം, ലങ്കന്‍ സൂപ്പര്‍ താരം പാതും നിസങ്ക എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങളിലുള്ളത്.

നേരത്തെ ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ യശസ്വി ജെയ്‌സ്വാളിനെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി. ലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ പെരേരയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു താരം.

യുവതാരം അഭിഷേക് ശര്‍മയാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ താരങ്ങളില്‍ പ്രധാനി. ഒറ്റയടിക്ക് 59 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ 40ാം റാങ്കിലേക്ക് കുതിച്ചെത്തി. കരിയര്‍ ബെസ്റ്റ് റേറ്റിങ്ങുമായാണ് താരം തിളങ്ങിയത്.

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അകീല്‍ ഹൊസൈനെ മറികടന്ന് സൂപ്പര്‍ താരം ആദില്‍ റഷീദ് ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന്, നാല് സ്ഥാനങ്ങളില്‍ വാനിന്ദു ഹസരങ്കയും ആദം സാംപയും മാറ്റമില്ലാതെ തുടരുകയാണ്.

ഒറ്റയടിക്ക് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് അഞ്ചാമത്. കരിയര്‍ ബെസ്റ്റ് റേറ്റിങ്ങുമായാണ് താരം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. 679 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്.

666 റേറ്റിങ് പോയിന്റുമായി ജോഫ്രാ ആര്‍ച്ചര്‍ ആറാം സ്ഥാനത്തേക്കും നില മെച്ചപ്പെടുത്തി. 13 സ്ഥാനങ്ങളുയര്‍ന്നാണ് ആര്‍ച്ചര്‍ ആറാം നമ്പറിലെത്തിയത്.

ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlight: ICC Men’s t20i Batting rankings, Sanju Samson slips 12 positions

We use cookies to give you the best possible experience. Learn more