| Friday, 16th January 2026, 8:47 am

825 അല്ല 1547 തന്നെ, മൂന്നാം സ്ഥാനവും; തെറ്റ് തിരുത്തി ഐ.സി.സി

ഫസീഹ പി.സി.

ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി 2021ന് ശേഷം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. 785 പോയിന്റുമായാണ് താരം ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. രോഹിത് ശര്‍മയെ മറികടന്നായിരുന്നു താരത്തിന്റെ നേട്ടം.

ഈ റാങ്കിങ് പുറത്ത് വിട്ടതിനൊപ്പം തന്നെ ഐ.സി.സി ഒന്നാം സ്ഥാനത്ത് കൂടുതല്‍ കാലം നിന്ന താരങ്ങളുടെ ഓള്‍ ടൈം ലിസ്റ്റും പുറത്ത് വിട്ടിരുന്നു. ആദ്യം പുറത്ത് വിട്ട ലിസ്റ്റില്‍ കോഹ്‌ലി 825 ദിവസവുമായി പത്താം സ്ഥാനത്ത് എന്ന രീതിയിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, അത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയിരുന്നു.

Photo: BCCI/x.com

ഇപ്പോള്‍ തങ്ങളുടെ തെറ്റ് തിരുത്തിയിരിക്കുകയാണ് ഐ.സി.സി. പുതിയ സ്റ്റാറ്റ്‌സ് പ്രകാരം കോഹ്‌ലിയുടെ സ്ഥാനവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദിവസങ്ങളുടെ കണക്കും മാറിയിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മൂന്നാം സ്ഥാനത്താണ്. 1547 ദിവസങ്ങളാണ് താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

വിവിയന്‍ റിച്ചാര്‍ഡ്സും ബ്രയാന്‍ ലാറയുമാണ് ഈ ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. റിച്ചാര്‍ഡ്സ് 2306 ദിവസം ഒന്നാം സ്ഥാനം അലങ്കരിച്ചപ്പോള്‍ ലാറ ഈ സ്ഥാനത്തിരുനന്നത് 2079 ദിവസങ്ങളിലാണ്.

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന താരം

വിവിയന്‍ റിച്ചാര്‍ഡ്സ് – 2306

ബ്രയാന്‍ ലാറ – 2079

വിരാട് കോഹ്‌ലി – 1547

മൈക്കല്‍ ബെവന്‍ – 1361

ബാബര്‍ അസം – 1359

എബി. ഡിവില്ലിയേഴ്സ് – 1356

ഡീന്‍ ജോണ്‍സ് – 1161

കെയ്ത് ഫ്ളെച്ചര്‍ – 1101

ഹാഷിം അംല – 1047

ഗ്രെഗ് ചാപ്പല്‍ – 998

അതേസമയം, ഏകദിനത്തില്‍ കുറച്ച് കാലമായി നടത്തുന്ന പ്രകടങ്ങളുടെ മികവിലാണ് കോഹ്‌ലി റാങ്കിങ്ങില്‍ ഒന്നാം റാങ്കിങ്ങില്‍ എത്തിയത്. ഓസ്ട്രേലിയക്ക് എതിരെയുള്ള അവസാന മത്സരത്തിലെ ഫിഫ്റ്റിക്ക് ശേഷം മികച്ച ബാറ്റിങ്ങാണ് താരം പുറത്തെടുക്കുന്നത്. ആ മത്സരത്തിലുള്‍പ്പെടെ താരം തുടര്‍ച്ചയായ അഞ്ച് ഏകദിനങ്ങളിലാണ് താരം 50+ സ്‌കോര്‍ നേടിയത്.

Photo: BCCI/x.com

ന്യൂസിലാന്‍ഡിന് എതിരെയുള്ള രണ്ടാം മത്സരത്തില്‍ വിരാടിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ആദ്യ മത്സരത്തില്‍ താരം 91 പന്തില്‍ 93 റണ്‍സെടുത്തിരുന്നു. ഈ പ്രകടനമാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ നായകനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.

Content Highlight: ICC makes correction in Virat Kohli’s all time No.1 ranking position after fans pointed outed errors

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more